Sorry, you need to enable JavaScript to visit this website.

താലിബാൻ നാണിക്കും, ഇന്ത്യയിൽനിന്നുള്ള ഈ ആവശ്യം കേട്ടാൽ

തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ ഇന്നത്തെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. സീത, അക്ബർ എന്നീ നാമങ്ങളുള്ള ആൺ സിംഹത്തിന്റെയും പെൺസിംഹത്തിന്റെയും പേരിൽ പശ്ചിമബംഗാൾ കോടതിയെ സമീപിച്ച വി.എച്ച്.പി സമീപനം എല്ലാവരെയും ചിരിപ്പിക്കുന്നുണ്ടെങ്കിലും രാജ്യം കടന്നുപോകുന്ന അവസ്ഥയെ സംബന്ധിക്കുന്ന തിരിച്ചറിവിലേക്കാണ് ആ സംഭവം വിരൽ ചൂണ്ടുന്നത്. 

മനുഷ്യരുടെ അവകാശങ്ങളിലും വിശ്വാസങ്ങളിലും അനാവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്ന വി.എച്ച്.പിയെ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകൾ ഇപ്പോൾ കടന്നുകയറാൻ ശ്രമിക്കുന്നത് മൃഗങ്ങൾക്ക് നേരെയാണ്. മൃഗശാലയിലേക്ക് പുതുതായി കൊണ്ടുവന്ന ഏഴു വയസുള്ള ആൺ സിംഹത്തിന് അക്ബറെന്നും പെൺസിംഹത്തിന് സീത എന്നുമാണ് പേര് നിശ്ചയിച്ചിരുന്നത്. സീതയും അക്ബറും കൂട്ടുകാരാവേണ്ടവരല്ല എന്നാണ് വിശ്വഹിന്ദു പരിഷത്ത് വാദിക്കുന്നത്. ഇതിനായി അവർ കോടതിയെ സമീപിക്കുകയും ചെയ്തു. അയൽരാജ്യമായ താലിബാൻ പോലും വി.എച്ച്.പിയുടെ വാദം കേട്ട് നാണിക്കുന്നുണ്ടാകും. 

ഫെബ്രുവരി 12ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നാണ് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്.

അക്ബറിന്റെ കൂട്ടുകാരി സീതയാണെന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഹിന്ദുത്വ സംഘടനകൾ വ്യക്തമാക്കുന്നത്. അക്ബർ ഒരു മുഗൾ ചക്രവർത്തിയുടെ പേര് കൂടിയാണെന്നതും ഇവരുടെ പ്രതിഷേധം വർധിപ്പിച്ചു. രാജ്യത്ത് അക്ബർ എന്ന പേരുള്ള സിംഹത്തെ അംഗീകരിക്കാത്തവർ ആ പേരുള്ള മനുഷ്യരെ അംഗീകരിക്കുമോ. 
''ബംഗാൾ സഫാരി പാർക്കിൽ കൊണ്ടുവന്ന സിംഹത്തിന് സീത എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഹിന്ദു മതത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. അത്തരമൊരു പേരിനോട് ഞങ്ങൾ ശക്തമായി എതിർക്കുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും റേ പറഞ്ഞു. ഇവിടെ എത്തിയതിന് ശേഷമാണ് സിംഹങ്ങൾക്ക് അക്ബർ എന്നും സീതയെന്നും പേരിട്ടത്. സീതയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.സംസ്ഥാന മൃഗശാല അധികൃതരെയും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ടെന്നും വി.എച്ച്.പി പറഞ്ഞു. കേസ് ഫെബ്രുവരി 20ന് പരിഗണിക്കും. 
ആദ്യവായനയിൽ തന്നെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ട പരാതിയിൽ വാദം കേൾക്കാൻ ഈ മാസം 20-ലേക്ക് തിയതി കുറിച്ചുകൊടുത്തിരിക്കുകയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ച്.


വി.എച്ച്.പി നൽകിയ പരാതിയിൽനിന്ന്

ബഹുമാനപ്പെട്ട സർ, 
ജയ് ശ്രീറാം

ത്രിപുരയിലെ ബംഗാൾ സഫാരി പാർക്കിൽ ഒരു ആൺ സിംഹത്തെയും പെൺസിംഹത്തെയും സിലിഗുരി പാർക്കിലേക്ക് കൊണ്ടുവന്നതായി പത്രവാർത്ത കണ്ടു. പ്രാദേശിക വാർത്താ ചാനലായ സിലിഗുരി ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബംഗാൾ സഫാരി പാർക്കിൽ ഈ പുതിയ ഇനം സിംഹം വരുന്നത് വളരെ സന്തോഷകരമായ ഒരു വാർത്തയാണ്.  പക്ഷേ പെൺ സിംഹത്തിന് നൽകിയിരിക്കുന്ന പേര് സീത എന്നാണ്. 

ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളുടെയും പവിത്രമായ ദേവതയായ ശ്രീരാമന്റെ ഭാര്യയായ സീതയുടെ പേരാണ് ഒരു സിംഹത്തിന് നൽകിയിരിക്കുന്നത് എന്ന കാര്യം വിശ്വഹിന്ദു പരിഷത്ത് അഗാധമായ വേദനയോടെയാണ് നിരീക്ഷിക്കുന്നത്. അത്തരം പ്രവൃത്തി ദൈവനിന്ദക്ക് തുല്യമാണ്. കൂടാതെ എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. 

സർ, ഇന്നലെ സംപ്രേക്ഷണം ചെയ്ത വാർത്തകളുമായി ബന്ധപ്പെട്ട് എനിക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഫോൺ കോളുകളും പരാതികളും ലഭിക്കുന്നു. ഇത് സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തുന്നു.ആയതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു. കാര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിൽനിന്ന് കൈവിട്ടുപോകാതിരിക്കാൻ മേൽപ്പറഞ്ഞ വിഷയത്തിൽ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ വിഷയം വളരെ അടിയന്തിരമായി പരിശോധിക്കുകയും ഹിന്ദു മതവുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും പേരിൽ പ്രസ്തുത മൃഗത്തിന്റെ പേര് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ, നമ്മുടെ ഹിന്ദുക്കളുടെ മതവികാരം സംരക്ഷിക്കാൻ ഞങ്ങൾ നിർബന്ധിതരാകും. ഇത് വലിയ തോതിലുള്ള പ്രക്ഷോഭത്തിന് ഇടയാക്കും.
 

Latest News