Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് വിതരണക്കാർ രാജ്യത്തിന്റെ ശത്രുക്കൾ- തുർക്കി ബിൻ തലാൽ രാജകുമാരൻ 

തുർക്കി ബിൻ തലാൽ രാജകുമാരൻ

അബഹ- രാജ്യത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്ന നിശ്ചയമായും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അസീർ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരൻ പ്രസ്താവിച്ചു. തങ്ങളുടെ സങ്കേതങ്ങളിലിരുന്ന് പൊതുസമൂഹത്തിന്റെ ബുദ്ധി മരവിക്കുന്ന കുടിലർക്കെതിരെ ശക്തിയുക്തം പോരാടേണ്ടിയിരിക്കുന്നു. അസീർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ പ്രവിശ്യയിൽ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റിയിൽ സൗദി നാഷണൽ കമ്മിറ്റി ഫോർ കോംപാറ്റിംഗ് ഡ്രഗ്‌സ് (നിബ്‌റാസ്) സംഘടിപ്പിച്ച ലഹരിവിരുദ്ധ ശിൽപശാലയിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. മയക്കുമരുന്ന് മാഫിയക്ക് ഈ സെമിനാർ ശക്തമായ താക്കീതാണെന്നും ഇത്തരക്കാരെ രാജ്യത്ത് നിന്ന് തൂത്തെറിയുമെന്നും തുർക്കി ബിൻ തലാൽ രാജകുമാരൻ പറഞ്ഞു. കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി റെക്ടർ ഡോ. ഫാലിഹ് ബിൻ റജാഉല്ല അൽസൽമി ഡെപ്യൂട്ടി ഗവർണർക്കും നിബ്‌റാസ് സെക്രട്ടറി ജനറൽ ഡോ. ഫൈസൽ അൽശഥ്‌രിക്കും വിശിഷ്ടാതിഥികൾക്കും സ്വാഗതം ആശംസിച്ചു. ലഹരി ഉപയോഗമെന്ന് മഹാവിപത്ത് രാജ്യത്ത് നിന്ന് നീക്കം ചെയ്ത് സാമൂഹ്യ പ്രതിരോധം തീർക്കുന്നതിൽ ഈ സെമിനാർ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവരെ ശിക്ഷിക്കുന്നതിന് മുമ്പായി ഇതിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് ആണ് നാം പ്രാമുഖ്യം നൽകേണ്ടത്. ന്യായാധിപന്മാർ ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഇത്തരക്കാരെ ബോധവൽക്കരിക്കുന്നതിന് ഊന്നൽ നൽകണം. ആദ്യമായി ലഹരി ഉപയോഗിക്കുന്നതിന് പിടിക്കപ്പെടുന്നവരെ ജയിൽശിക്ഷക്ക് വിധേയമാക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ദേശീയ മയക്കുമരുന്ന് വിരുദ്ധ സമിതി മേധാവി അഭിപ്രായപ്പെട്ടു. ഇതേ കേസിന് ശിക്ഷിക്കപ്പെട്ട് വർഷങ്ങളായി ജയിലുകളിൽ കഴിയുന്നവരുമായി ചേർന്ന് ക്രിമിനൽ സംഘങ്ങൾ രൂപീകരിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ലഹരിമരുന്ന് ഉപയോഗം വ്യാപകമാക്കാൻ വഴിയൊരുക്കുകയാവും ഫലം. 
ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് അസീർ പ്രവിശ്യയിൽ തുടക്കം കുറിച്ച ഈ യജ്ഞം വൈകാതെ മറ്റു പ്രവിശ്യകളിലേക്ക് വ്യാപിക്കുമെന്നും ഡോ. ഫൈസൽ അൽശഥ്‌രി പറഞ്ഞു. മേഖലയിൽ മയക്കുമരുന്ന് കേസുകളുടെ ആധിക്യം, ലഹരി വസ്തുക്കളുടെ വ്യാപനം, ജയിലുകളിൽ കഴിയുന്ന മയക്കുമരുന്ന് കേസ് പ്രതികൾ, സൈനികരിലും ഉദ്യോഗസ്ഥരിലും വിദ്യാർഥികളിലുമുള്ള ലഹരി ഉപയോഗം, ലഹരി വിമോചന കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണം, ലഹരി ഉപയോഗം അപകടകരമാംവിധം വർധിച്ച സ്ഥലങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. 23 ഓളം ഗവൺമെന്റ് വകുപ്പ് പ്രതിനിധികൾ സംബന്ധിക്കുന്ന ദ്വിദിന ശിൽപശാല ഇന്ന് തിരശ്ശീല വീഴും.  

Latest News