ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി

ന്യൂദല്‍ഹി- ദല്‍ഹിയിലെ ജാമിയ ഏരിയയിലും അലിഗഡ് സര്‍വ്വകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട രാജ്യദ്രോഹ, യുഎപിഎ കേസുകളില്‍ വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി.
2019 ഡിസംബറിലും 2020 ജനുവരിയിലും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗങ്ങളിലൂടെ വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് 2020 ജനുവരിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധത്തിന് മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയ് ആണ് വിധി പ്രസ്താവിച്ചത്.
നിയമാനുസൃത ജാമ്യം തേടി ഇമാം സമര്‍പ്പിച്ച അപേക്ഷയില്‍ ഫെബ്രുവരി 17നകം തീര്‍പ്പുണ്ടാക്കാനും വിധി പറയാനും ദല്‍ഹി ഹൈക്കോടതി ജനുവരി 30ന് വിചാരണക്കോടതിയോട് നിര്‍ദേശിച്ചിരുന്നു.
ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് 2020ലെ എഫ്‌ഐആര്‍ 22 പ്രകാരം കേസെടുത്ത ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റമാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട്, യുഎപിഎ സെക്ഷന്‍ 13 പ്രയോഗിച്ചു.
2020 ജനുവരി 28 മുതല്‍ അദ്ദേഹം കസ്റ്റഡിയിലാണ്, യുഎപിഎയുടെ സെക്ഷന്‍ 13 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള പരമാവധി ഏഴ് വര്‍ഷത്തെ ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് ശ്രമിച്ചത്.

 

Latest News