Sorry, you need to enable JavaScript to visit this website.

പൗരാവകാശം ഹനിക്കപ്പെടുമ്പോഴും മാധ്യമങ്ങൾ നിശബ്ദമാകുന്നു -മന്ത്രി കെ കൃഷ്ണൻ കുട്ടി

കരിപ്പൂർ - ജനസാമാന്യത്തെ ഗൗരവതരമായി ബാധിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണവും നിയമഭേദഗതിയും നടക്കുമ്പോഴും പൗരാവകാശം ഹനിക്കപ്പെടുമ്പോഴും രാജ്യത്തെ മാധ്യമങ്ങൾ നിശ്ശബ്ദമായിരിക്കുകയാണെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
ദാരിദ്ര്യം കാരണം രാജ്യത്തെ കുട്ടികളിൽ നല്ലൊരു ശതമാനം സ്‌കൂളുകളിൽ പോകാൻ കഴിയാതെ സ്വകാര്യ ക്വാറികളിലും വേശ്യാലയങ്ങളിലും ഉൾപ്പെടെ വിവിധ തൊഴിലിടങ്ങളിൽ ഏർപ്പെടാൻ നിർബന്ധിതരാക്കപ്പെടുന്ന ദയനീയ സാഹചര്യമുണ്ട്. ഇത് ഭരണാധികാരികളുടെ ആശങ്കയിൽ വരുന്നില്ലെന്നും സാധാരണക്കാരെ സാരമായി ബാധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കന്നതുമായ നിരവധി നിയമനിർമാണങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും അതേക്കുറിച്ചൊന്നും വേണ്ടവിധം ചർച്ച ചെയ്യപ്പെടാത്തത് ആശങ്കാജനകമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 
വംശീയതയുടെ രാഷ്ട്രീയത്തെ കുറിച്ച് കെ.ടി കുഞ്ഞിക്കണ്ണനും പശ്ചിമേഷ്യ പറയുന്നത് എന്ന വിഷയത്തെ അധികരിച്ച് ഡോ. പി ജെ വിൻസെന്റും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. അഷ്‌റഫ് കടയ്ക്കൽ ചർച്ചാ സമ്മേളനം നിയന്ത്രിച്ചു. അഡ്വ. നജാദ് കൊടിയത്തൂർ, അനീസ് സി എ പ്രസംഗിച്ചു. റഫ സാക്കിർ ഖുർആൻ വചനങ്ങൾ അവതരിപ്പിച്ചു.

അറിവുല്പാദനത്തിൽ ജനാധിപത്യവത്കരണം അനിവാര്യം: റിസർച്ചേഴ്‌സ് കോൺക്ലേവ്

കരിപ്പൂർ - പുസ്തക പ്രസാധനത്തിന്റെ ഫോർമാറ്റുകൾ മാറിക്കൊണ്ടിരിക്കുമ്പോൾ എഴുത്തും പ്രസാധനവും കുറെക്കൂടി എളുപ്പമായിത്തീർന്നുവെന്നും പുതിയ സാങ്കേതികതകൾ ഉപയോഗപ്പെടുത്തി നിലവാരമുള്ള എഴുത്തും ഗവേഷണവും വളർന്നുവരണമെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റിസർച്ചേഴ്‌സ് കോൺക്ലേവ് അഭിപ്രായപ്പെട്ടു. 
 പുസ്തകവും അച്ചടി രൂപവും വരേണ്യവിഭാഗത്തിനു മാത്രം ലഭ്യമാകുന്ന അറിവുല്പാദനത്തിന്റെ മാധ്യമമാകുന്നത് വലിയൊരു വിഭാഗത്തിന് അറിവു നിഷേധിക്കപ്പെടാൻ കാരണമാകുന്നു. രൂപവും ഭാവവും നവീകരിച്ച് അറിവിന്റെ ജനാധിപത്യവത്കരണം സാധ്യമാകണം. പാട്ടും കവിതയും കഥയും സിനിമയും നാടകവും അറിവു പകരുന്ന സങ്കേതങ്ങളായി ഉപയോഗപ്പെടുത്തപ്പെടണം. എ ഐ പോലുള്ള സങ്കേതങ്ങളും പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി മൂല്യവത്തായ ഗവേഷണ രംഗം സാധ്യമാക്കണമെന്നും എഴുത്തും സാഹിത്യവും പുരോഗന പ്രവർത്തന രംഗത്ത് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും പാനൽ ഡിസ്‌കഷൻ അഭിപ്രായപ്പെട്ടു.
അറിവന്വേഷണങ്ങളും ആത്മാവിഷ്‌കാരവും എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്‌കഷനിൽ വി കെ ജാബിർ മോഡറേറ്ററായി. എഴുത്തുകാരും ഗവേഷകരുമായ കെ എ മജീദ്, മുക്താർ ഉദരംപൊയിൽ, നൂറ വി, ഡോ. കെ കെ നിജാദ്, ഡോ. നൗഫൽ പി ടി, റസാഖ് മലോറം, ഹാസിൽ മുട്ടിൽ, ഷബീർ രാരങ്ങോത്ത് എന്നിവർ സംസാരിച്ചു.  ഗവേഷണം, ഗവേഷണമെഴുത്ത് സാധ്യതകൾ എന്ന വിഷയം എഴുത്തുകാരനും ഗവേഷകനുമായ എൻ എം ഹുസൈൻ അവതരിപ്പിച്ചു. റഹ്മ ഓഡിറ്റോറിയത്തിൽ നടന്ന കോൺക്ലേവിൽ റഷീദ് പരപ്പനങ്ങാടി അധ്യക്ഷനായി.
 യുവത പ്രസിദ്ധീകരിച്ച കരിയർ വഴികൾ പുസ്തകം നാസർ ഇബ്രാഹിം ഫുജൈറക്ക് നൽകി പി സഫറുള്ള പ്രകാശനം ചെയ്തു. അബ്ദുൽ ഖയ്യൂം കുറ്റിപ്പുറം പുസ്തക പരിചയം നടത്തി. ജസ ഫത്തിമ ഖുർആൻ വചനങ്ങൾ അവതരിപ്പിച്ചു.
 

Latest News