55 ശതമാനം വോട്ട് കിട്ടുന്ന ദിവസം ബി.ജെ.പി ഹിന്ദുരാഷ്ട്രത്തിന് ആഹ്വാനം ചെയ്യുമെന്ന് പ്രശാന്ത് കിഷോര്‍

ന്യൂദല്‍ഹി - അമ്പത്തിയഞ്ച് ശതമാനം വോട്ട് നേടുമ്പോഴായിരിക്കും ബി.ജെ.പി ഹിന്ദുരാഷ്ട്രത്തിനായുള്ള ആഹ്വാനം പുറത്തെടുക്കുകയെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഒരു ദേശീയ മാധ്യമത്തിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്യാന്‍ പോയ നൂറില്‍ 38 പേര്‍ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ശേഷിക്കുന്ന 62 പേര്‍ ഹിന്ദുത്വമുണ്ടായിട്ടും സംഘടനയുണ്ടായിട്ടും മസിലുപിടിച്ചിട്ടും ബി.ജെ.പിയെ എതിര്‍ത്തു.  അതിനാല്‍ ഹിന്ദുത്വത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതില്‍ താന്‍ സമയം ചെലവഴിക്കില്ലെന്നും ഈ 62 ന്റെ ഭൂരിപക്ഷം എങ്ങനെ നേടാമെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പ്രതിപക്ഷം അവസരങ്ങള്‍ മുതലാക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷത്തെ ഒരിക്കലും വിലകുറച്ച് കാണരുത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമാകാം, എന്നാല്‍ ഇന്ത്യയില്‍ പ്രതിപക്ഷം ദുര്‍ബലമല്ല. കഴിഞ്ഞ 10 വര്‍ഷമായി മോഡി ഒരു വണ്‍വേ ഓട്ടം നടത്തിയെന്ന് നമ്മളില്‍ പലരും കരുതുന്നു. അത് സത്യമല്ല. പ്രതിപക്ഷത്തിന് കുറഞ്ഞത് മൂന്ന് അവസരങ്ങളെങ്കിലും ലഭിച്ചിട്ടുണ്ട്. 2015 ലെ ദല്‍ഹിയിലേയും ബിഹാറിലേയും തിരഞ്ഞെടുപ്പ് ഫലം, 2016 ലെ നോട്ട് നിരോധം മൂലമുള്ള ദുരിതം, 2018 ലെ തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ പ്രതിപക്ഷത്തിന് ബി ജെ പിയെ പിന്തള്ളാന്‍ കഴിയുമായിരുന്ന ഈ അവസരങ്ങള്‍ ഒന്നും കൃത്യമായി ഉപയോഗിച്ചില്ല. ബിജെപിയെ എതിര്‍ക്കുന്നവര്‍ അവസരങ്ങള്‍ നല്‍കിയെങ്കിലും പ്രതിപക്ഷം അത് മുതലാക്കിയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 

Latest News