Sorry, you need to enable JavaScript to visit this website.

ഐബിഎമ്മിലെ വന്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, അഞ്ചു തവണ പരാജയപ്പെട്ടിട്ടും ഒടുവില്‍ ഐ.എ.എസ് നേടി

മുംബൈ- ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) പരീക്ഷയില്‍ വിജയിച്ച് ഐ.എ.എസ്, ഐ.പി.എസ്, ഐ.ആര്‍.എസ്, ഐ.എഫ്.എസ് ഓഫീസര്‍മാരാകാന്‍ സ്വപ്നം കാണുന്നു. ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായതിനാല്‍, തയ്യാറെടുപ്പുകള്‍ക്ക് ദിവസവും ധാരാളം സമയം ചെലവഴിക്കേണ്ടി വരും.  രാജ്യത്തെ അഭിമാനകരമായ ഈ സ്ഥാനം നേടാന്‍, ചിലര്‍ പ്രശസ്ത സ്ഥാപനങ്ങളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലിയും ഉപേക്ഷിക്കുന്നു.

വിനായക് മഹാമുനിയും തന്റെ യു.പി.എസ്.സി യാത്രയിലുടനീളം കഠിനാധ്വാനം ചെയ്തയാളാണ്. ഇതിനായി വിനായക് വളരെ പ്രശസ്തമായ വിദേശ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു.

മഹാരാഷ്ട്രയില്‍നിന്നുള്ള വിനായക് മഹാമുനി, പ്രശസ്ത അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക് ഭീമനായ ഐബിഎമ്മില്‍ ജോലി ചെയ്യുകയായിരുന്നു. 2012 ല്‍ ഡോ. ബാബാസാഹെബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പെട്രോകെമിക്കല്‍ എഞ്ചിനീയറിംഗ് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം ഐ.ബി.എമ്മില്‍ ജോലി കണ്ടെത്തി.  ജീവിതത്തിന്റെ മൂന്ന് വര്‍ഷം കമ്പനിക്കായി സമര്‍പ്പിച്ച ശേഷം, പുതിയ പാത കണ്ടെത്തുന്നതിനും യു.പി.എസ.്‌സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനുമായി അദ്ദേഹം ഐബിഎമ്മില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചു.

വിനായക് മഹാമുനിയുടെ യുപിഎസ്‌സി യാത്ര ഫലവത്തായ രീതിയിലല്ല ആരംഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളെപ്പോലെ വിനായക് മഹാമുനിയും സിവില്‍ സര്‍വീസ് എന്ന യാത്രയില്‍ പലതവണ പരാജയം രുചിച്ചിട്ടുണ്ട്. യുപിഎസ്‌സി പ്രിലിമിനറി പരീക്ഷക്കിടെ മൂന്ന് തവണ പരാജയം നേരിട്ടു. ആവര്‍ത്തിച്ചുള്ള തിരിച്ചടികള്‍ പഠനം മിക്കവാറും ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു, പക്ഷേ കുടുംബവും സുഹൃത്തുക്കളും  പിന്തുണച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും വിശ്വാസവും ഒരിക്കല്‍ കൂടി പരീക്ഷയ്ക്ക് ശ്രമിക്കാന്‍ പ്രേരിപ്പിച്ചു. ഈ യാത്രയില്‍ അച്ഛന്‍ എന്നും താങ്ങായിരുന്നു.

വിനായക് മഹാമുനി നാലാമത്തെ ശ്രമത്തില്‍ യുപിഎസ്‌സി പ്രിലിംസ്, മെയിന്‍ പരീക്ഷകള്‍ പാസാക്കിയെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ അടുത്ത ശ്രമത്തില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. യുപിഎസ്‌സി പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും പാസായതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ഒടുവില്‍, 2020ല്‍, തന്റെ അഞ്ചാമത്തെ ശ്രമത്തില്‍, വിനായക് ഐ.എ.എസ് ഓഫീസറായി.

 

Latest News