Sorry, you need to enable JavaScript to visit this website.

മതേതരത്വം വാക്കിലും പ്രവൃത്തിയിലും

ശശികുമാർ വർമ്മ

പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ ശശികുമാർ വർമ്മയുടെ മരണം അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും വലിയവേദനയാണ്. മനസ്സിൽ ഒന്നും പുറത്ത് പറയുന്നത് മറ്റൊന്നും എന്ന നിലയിലേക്ക് കാര്യങ്ങൾ തകിടം മറിയുന്ന ഇക്കാലത്തു അടിമുടി സത്യസന്ധതയുള്ളയാളായിരുന്നു അദ്ദേഹം. കലവറയില്ലാത്ത ഈ സ്‌നേഹം അദ്ദേഹവുമായി ഒരിക്കലെങ്കിലും ഇടപെട്ടവരെല്ലാം അനുഭവിച്ചിരിക്കും. കുലീനമായ പെരുമാറ്റവും സരസമായ സംഭാഷണവും പ്രസന്നമായ മുഖവും ആരെയും അദ്ദേഹവുമായി വേഗത്തിൽ അടുപ്പിച്ചിരുന്നു. 


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്നയാളായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭരണാധികാരികളാൽ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് നിരവധി നേതാക്കൾക്ക് പന്തളം കൊട്ടാരം അഭയം നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതവുമായി ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. മനുഷ്യപക്ഷത്തുനിന്നുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. മതസൗഹാർദ പ്രവർത്തനത്തിന് വലിയ പ്രാധാന്യം അദ്ദേഹം നൽകി. 
കാരണവ സ്ഥാനത്തും ജ്യേഷ്ഠ സ്ഥാനത്തും നിന്നുകൊണ്ടുള്ള ആ കരസ്പർശത്തിന്റെ ലാളന അനുഭവിക്കാത്തവർ അദ്ദേഹവുമായി അടുപ്പമുള്ളവരിൽ കുറവായിരിക്കും. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്നു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലസ്ഥാന നഗരിക്കദ്ദേഹം ചിരപരിചിതനായിരുന്നു. 
കേരള ക്ഷത്രിയ ക്ഷേമ സംഘം പ്രസിഡന്റ്, പന്തളം കേരളവർമ്മ വായനശാല പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു.  സാഹിത്യ സംസ്‌കരിക സംഘടനകളുടെ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്ഷേത്ര ആചാര സമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവയുടെ അധ്യക്ഷനായിരുന്നു.
ശശികുമാർ വർമ്മയുടെ മരണം വ്യക്തിപരമായി ഒരു ജേഷ്ഠസഹോദരന്റെ നഷ്ടമാണ് ഈ ലേഖകന്. ഞാൻ ആദ്യമായി കാണുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങിനിൽക്കുന്നുണ്ട്. 'ശ്രീ അയ്യപ്പൻ വാവരെ കാണുമ്പോലെയാണ് ഞാൻ റഹിമിനെ കാണുന്നത്'. അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാർത്ഥതയുടെ കിലുക്കം എന്നെ വല്ലാതെ വികാരാധീനനാക്കി. ഈ വാക്കുകൾ അന്വർത്ഥമാക്കും വിധം പന്തളം കൊട്ടാരവുമായിബന്ധപ്പെട്ട നിരവധി പൊതുപരിപാടികളിൽ ഒരു ഇരിപ്പടം എനിക്കുകൂടി അദ്ദേഹം നീക്കിവച്ചിരുന്നു. മഹാകവി പന്തളം കേരളവർമ്മയുടെ പേരിലുള്ള കവിതാപുരസ്‌കാര ചടങ്ങിൽ നിരവധി തവണ ഞാൻ പങ്കെടുത്തിട്ടുണ്ട്. 
മഹാകവി പന്തളം കേരളവർമ്മ സ്മാരക സമതിയുടെ അധ്യക്ഷൻ ഡോ. കെ.എസ്. രവികുമാറും ഉപാധ്യക്ഷൻ ശശികുമാർ വർമ്മ ചേട്ടനുമാണ്. യാത്രികനും എഴുത്തുകാരനുമായിരുന്ന പന്തളം രാജകുടുംബാംഗം അന്തരിച്ച രവിവർമ്മ ചേട്ടനെയും ഈ അവസരത്തിൽ ഓർത്തുപോകുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന കാലത്ത് പന്തളത്ത് സംഘടിപ്പിച്ച പുരസ്‌കാര ദാന ചടങ്ങിലേക്ക് പുരസ്‌കാര സമിതി എന്നെയും ഉൾപ്പെടുത്തി. ചടങ്ങിന് എല്ലാവരും എത്തുമോ എന്നൊരാശങ്ക ശശികുമാർ വർമ്മ ചേട്ടനുണ്ടായിരുന്നു.  പുരസ്‌കാര ചടങ്ങ് നടക്കുന്ന ലയൺസ് ക്ലബ്ബ് ഹാളിന് മുമ്പിൽ അദ്ദേഹം ആകാംക്ഷയോടെ അതിഥികളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെകണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. റഹീമിങ്ങെത്തിയല്ലോ സന്തോഷമായി. ഒരിളയ സഹോദരനോടു കാട്ടുന്ന ഈ സ്‌നേഹവായ്പ് എന്റെ കണ്ണുകൾ ഈറനണിയിച്ചു.
ഒരർത്ഥത്തിൽ അപ്രതീക്ഷിതമായിരുന്നു ആ മരണമെന്ന് പറയാം. ചില്ലറരോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നത് നേരാണ്. എങ്കിലും മകരവിളക്ക് കഴിഞ്ഞാൽ കുരുതിക്ക് നേതൃത്വം നൽകാനായി അദ്ദേഹം മല ചവിട്ടുക പതിവാണ്. രാജസ്ഥാനീയനെന്ന നിലയിൽ ഈ സംഘത്തെ നിശ്ചയിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സംഘത്തിൽ മുസ്‌ലിംകളെ ഉൾപ്പെടുത്താൻ അദ്ദേഹം പ്രത്യേക ശ്രദ്ധ വച്ചിരുന്നു. എന്റെയൊരു ബന്ധു ഈ സംഘത്തിൽ പതിവായി മലക്കു പോകാറുണ്ട്. ഇങ്ങനെ മലകയറാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ആരോഗ്യനില മോശമായത്. തലക്കുള്ളിൽ രക്തസ്രാവമുണ്ടായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സിച്ചുവെങ്കിലും  ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമഭാവനയോടെ കാണാനുള്ള മനഃസ്ഥിതിതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. പുരോഗമനം വാതോരാതെ മൈക്കിന് മുമ്പിൽ വിളിച്ചുകൂവുന്ന പലർക്കുമിതില്ലെന്നോർക്കണം. ഇവിടെയാണ് ശശികുമാർ വർമ്മയേപ്പോലെയുള്ളവർ വേറിട്ടുനിൽക്കുന്നത്. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന നിലപാടുകാരനായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിരുന്നത് നേരിട്ടറിയാം.
തത്വമസി (അനൽഹക്ക്) ശബരിമല നൽകുന്ന സന്ദേശം ഇതാണ്. സൂഫിസത്തിന്റെ ആരാധകനായിരുന്നു അദ്ദേഹം. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോഴൊക്കെ സൂഫിസം സംസാര വിഷയമാകാറുണ്ടായിരുന്നു. നവോത്ഥാന കാലത്തിനും എത്രയോ നൂറ്റാണ്ടുമുമ്പ് എല്ലാ ജാതിമത വിശ്വാസികളേയും ചേർത്തുപിടിച്ചത് ശബരിമലയായിരുന്നു. പണ്ട് ശബരിമലക്ക് തീപിടിച്ചപ്പോൾ പന്തളത്തെ മുസ്‌ലീങ്ങൾ വാമൂടിക്കെട്ടി മൗനാഥ നടത്തുന്നതുകണ്ടപ്പോൾ അക്കാലത്ത് യുവാവായിരുന്ന എഴുത്തുകാരനും പന്തളം കുടശ്ശനാട് സ്വദേശിയുമായ എം.കെ. ഗംഗാധരൻ അറിയാതെ ചോദിച്ചുപോയി. 'ശബരിമലക്ക് തീപിടിച്ചതിന് മുസ്‌ലിംകളെന്തിനാണ് മൗനജാഥ നടത്തുന്നത്. അപ്പോൾ അതുകേട്ട് നിന്ന ഒരു കാരണവർ തിരുത്തി ശബരിമല മുസ്‌ലിംകളുടേതുകൂടിയാണ്. അതിന് കേടുപാട് സംഭവിച്ചാൽ അവർക്കും വേദനിക്കും. ഇക്കാര്യം അദ്ദേഹം തന്നെ എഴുതിയതാണ്. 
ഇന്ന് ഈ സാഹോദര്യം പന്തളത്തിന് മാത്രമല്ല രാജ്യത്തുനിന്നാകെ തുടച്ചുനീക്കപ്പെടുകയാണ്. ഇതിന് നമ്മളെല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. പാണ്ഡ്യര രാജകുടുംബത്തുനിന്ന് കേരളത്തിലെത്തിയ പന്തള രാജകുടുംബത്തിനും പൂഞ്ഞാർ രാജകുടുംബത്തിനും സംരക്ഷണം നൽകാനായി എത്തിയ വിശ്വസ്തരായ കുതിരപ്പടയാളികളുടെ പിന്മുറക്കാരാണ് ഇവിടങ്ങളിലെ മുസ്‌ലിംകളെന്നത് ചരിത്രമാണ്.
ഒരിക്കൽ ജനയുഗം പത്രം ശബരിമല സ്‌പെഷ്യൽ പതിപ്പ് ചെറുമാസികരൂപത്തിൽ പുറത്തിറക്കി. അതിലൊരു ലേഖനം എഴുതാൻ അവരെന്നോടാവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ ഒരമ്മ പെറ്റമക്കളേപ്പോലെ നിൽക്കാൻ കാരണം ശബരിമലയും ഓണവുമാണെന്ന് ഞാനതിലെഴുതി. ശബരിമലയും ഓണവും നമുക്ക് നഷ്ടമായാൽ ഇവിടെ വർഗീയത പിടിമുറുക്കും. പറയി പെറ്റ പന്തീരുകുലമെന്ന ആശയംതന്നെ എല്ലാവരും ഒരമ്മ പെറ്റമക്കളാണെന്നാണ്. ഈ തിരിച്ചറിവ് സമൂഹത്തിൽ കുറഞ്ഞുവരുന്ന കാലത്ത് ശശികുമാർ വർമ്മയേപ്പോലെയുള്ളവരുടെ മരണം നികത്താനാകാത്തനഷ്ടമാണ്.
 

Latest News