പോളിന്റെ മൃതദേഹം സംസ്‌കാരത്തിനു ചര്‍ച്ചിലേക്ക് എടുത്തു

പുല്‍പള്ളി- വെള്ളിയാഴ്ച രാവിലെ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതിനത്തുടര്‍ന്ന് മരിച്ച പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്‌കാരത്തിന് പുല്‍പള്ളി സെന്റ് ജോര്‍ജ് സിംഹാസന ചര്‍ച്ചിലേക്ക് എടുത്തു. മൃതദേഹവുമായി വൈകുന്നേരം നാലോടെയാണ് പോളിന്റെ വീട്ടില്‍നിന്നു വിലാപയാത്ര ചര്‍ച്ചിലേക്ക് പുറപ്പെട്ടത്. ബന്ധുമിത്രാദികള്‍ക്കു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു എത്തിയ നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കെടുത്തു. ചര്‍ച്ചില്‍ മതപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് സംസ്‌കാരം.
ഉച്ചകഴിഞ്ഞ് പുല്‍പള്ളിയില്‍നിന്നു പാക്കത്ത് എത്തിച്ച മൃതദേഹം ആംബുലന്‍സില്‍നിന്നു ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. പോളിന്റെ കുടുംബത്തിനു നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച് എഡിഎം ദേവകി വീട്ടിലെത്തി ഉറപ്പുനല്‍കിയശേഷമാണ് മൃതദേഹം ആംബുലന്‍സില്‍നിന്നു വീട്ടിലേക്ക് മാറ്റിയത്. പുരോഹിതരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയ്ക്കുശേഷമായിരുന്നു വിലാപയാത്ര.

 

Latest News