ബെംഗളൂരു - മാസപ്പടി കേസില്‍ അന്വേഷണം തടസ്സപ്പെടുത്താനുള്ള വീണാ വിജയന്റെ ഒരു വാദവും നിലനില്‍ക്കില്ലെന്നും അന്വേഷണം തീര്‍ത്തും നിയമപരമാണെന്നും കര്‍ണ്ണാടക ഹൈക്കോടതി. എക്സാലോജിക്ക് കമ്പനിക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ ( എസ് എഫ് ഐ ഒ ) അന്വേഷണം തുടരാമെന്ന ഇന്നലെത്തെ വിധിയില്‍ ഇന്ന് കോടതി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടു. ഇന്നലെ ഹര്‍ജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് 46 പേജുള്ള വിശദമായ വിധിപ്പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നത്. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം തീര്‍ത്തും നിയമപരമാണെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്.നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്. അതില്‍ നിയമപരമായി യാതൊരു തടസ്സവും നിലവില്‍ ഉന്നയിക്കാന്‍ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാന്‍ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി എക്സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനില്‍ക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തില്‍ ആണ് എസ് എഫ് ഐ ഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവില്‍ എക്സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരമായതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും വിധിയില്‍ പറയുന്നു.






