സൗദിയില്‍ ബാങ്ക് ലോണ്‍ എടുക്കുന്നത് കുറഞ്ഞു, വായ്പാനിരക്ക് കൂടിയത് കാരണം

ജിദ്ദ - കഴിഞ്ഞ വര്‍ഷം സൗദിയില്‍ വ്യക്തിഗത ഉപഭോക്തൃ ലോണുകള്‍ 1.2 ശതമാനം തോതില്‍ കുറഞ്ഞതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ വ്യക്തിഗത ഉപഭോക്തൃ വായ്പകള്‍ 469 ബില്യണ്‍ റിയാലeയി. 2022 ല്‍ ഇത് 478 ബില്യണ്‍ റിയാലായിരുന്നു. 2008 ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് സൗദിയില്‍ വ്യക്തിഗത ഉപഭോക്തൃ വായ്പകള്‍ കുറയുന്നത്. വായ്പാ നിരക്കുകള്‍ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് വര്‍ധിച്ചത് വ്യക്തികള്‍ക്കിടയില്‍ വായ്പാ ആകര്‍ഷണീയത കുറക്കുകയായിരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സൗദിയില്‍ 2008 ലും 2023 ലും മാത്രമാണ് വ്യക്തിഗത ഉപഭോക്തൃ വായ്പകള്‍ കുറഞ്ഞത്. ശേഷിക്കുന്ന വര്‍ഷങ്ങളിലെല്ലാം വായ്പകളില്‍ വളര്‍ച്ച രേഖപ്പെടുത്തി.
വീടുകളില്‍ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പക്കല്‍ ജോലികള്‍ക്കുമുള്ള വായ്പകള്‍, കാറുകളും വ്യക്തിഗത വാഹനങ്ങളും വാങ്ങാനുള്ള ലോണുകള്‍, ഫര്‍ണിച്ചര്‍ വാങ്ങാനുള്ള വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ആരോഗ്യ പരിചരണ ആവശ്യത്തിനുള്ള വായ്പകള്‍, വിനോദസഞ്ചാര, യാത്രാ ആവശ്യത്തിനുള്ള ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, മറ്റു ഉപഭോക്തൃ വായ്പകള്‍ എന്നിങ്ങിനെ എട്ടിനം ഉപഭോക്തൃ വായ്പകളാണ് വ്യക്തികള്‍ക്ക് അനുവദിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വായ്പകളും ഓഹരി വ്യാപാരത്തിന് അനുവദിക്കുന്ന വായ്പകളും ഇതില്‍ പെടില്ല.
കഴിഞ്ഞ കൊല്ലം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 17 ശതമാനം തോതില്‍ ഉയര്‍ന്ന് 27.1 ബില്യണ്‍ റിയാലായി. തിരിച്ചടവിന് കാലതാമസം വരുത്തിയാലല്ലാതെ പലിശ നിരക്ക് അടക്കേണ്ടതില്ലാത്തതിനാല്‍ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് ഉപയോക്താക്കള്‍ മുന്‍ഗണന നല്‍കുന്നതാണ് ഇതിന് കാരണം. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കല്‍ ജോലികള്‍ക്കുമുള്ള വായ്പകള്‍ 20 ശതമാനം തോതില്‍ കുറഞ്ഞ് 10.8 ബില്യണ്‍ റിയാലായി. ആകെ വ്യക്തിഗത ഉപഭോക്തൃ വായ്പകളില്‍ 2.3 ശതമാനം വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കല്‍ ജോലികള്‍ക്കും അനുവദിച്ച ലോണുകളാണ്. വ്യക്തിഗത വാഹനങ്ങളും കാറുകളും വാങ്ങാന്‍ അനുവദിച്ച വായ്പകള്‍ മൂന്നു ശതമാനം തോതില്‍ വര്‍ധിച്ചു. ഈ വിഭാഗത്തില്‍ പെട്ട 11.3 ബില്യണ്‍ റിയാലിന്റെ വായ്പകളാണ് ബാങ്കുകള്‍ അനുവദിച്ചിരിക്കുന്നത്. ആകെ വ്യക്തിഗത ഉപഭോക്തൃ വായ്പകളില്‍ 2.4 ശതമാനം വാഹന ലോണുകളാണ്.
ഫര്‍ണിച്ചര്‍ വാങ്ങാന്‍ അനുവദിച്ച വായ്പകള്‍ ഒമ്പതു ശതമാനം തോതില്‍ കുറഞ്ഞ് 7.9 ബില്യണ്‍ റിയാലായി. ആകെ വായ്പകളില്‍ 1.7 ശതമാനം ഈ ഗണത്തില്‍ പെടുന്നു. വിദ്യാഭ്യാസ വായ്പകള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ വിദ്യാഭ്യാസ വായ്പകള്‍ 7.5 ബില്യണ്‍ റിയാലായി. ആകെ വ്യക്തിഗത ഉപഭോക്തൃ വായ്പകളില്‍ 1.6 ശതമാനം വിദ്യാഭ്യാസ ലോണുകളാണ്. ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ 10 ശതമാനം തോതില്‍ കുറഞ്ഞ് 51 കോടി റിയാലായി. വിനോദസഞ്ചാര, യാത്രാ ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ 13 ശതമാനം തോതിലും ഉയര്‍ന്നു. ഈയിനത്തില്‍ 91.8 കോടി റിയാലിന്റെ വായ്പകള്‍ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്.
പ്രത്യേകം നിര്‍ണയിക്കാത്ത വിഭാഗത്തില്‍ പെട്ട വ്യക്തിഗത ഉപഭോക്തൃ വായ്പകളില്‍ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി. ഈ ഗണത്തില്‍ പെട്ട വായ്പകള്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ 403 ബില്യണ്‍ റിയാലായി. 2022 അവസാനത്തില്‍ പ്രത്യേകം നിര്‍ണയിക്കാത്ത വിഭാഗത്തില്‍ പെട്ട വ്യക്തിഗത ഉപഭോക്തൃ വായ്പകള്‍ 410.7 ബില്യണ്‍ റിയാലായിരുന്നു. ആകെ വ്യക്തിഗത ഉപഭോക്തൃ വായ്പകളില്‍ 86 ശതമാനവും ഈ വിഭാഗത്തില്‍ പെടുന്നു.

 

Latest News