ജിദ്ദ - കഴിഞ്ഞ വര്‍ഷം 8,30,000 ഓളം സൗദി പൗരന്മാര്‍ തുര്‍ക്കി സന്ദര്‍ശിച്ചതായി തുര്‍ക്കി വൈസ് പ്രസിഡന്റ് ജൗദത് യില്‍മാസ് ഇസ്താംബൂളില്‍ നടന്ന സൗദി, തുര്‍ക്കി നിക്ഷേപ ഫോറത്തില്‍ അറിയിച്ചു. 2022 നെ അപേക്ഷിച്ച് 2023 ല്‍ തുര്‍ക്കിയിലെത്തിയ സൗദി ടൂറിസ്റ്റുകളുടെ എണ്ണം 70 ശതമാനെ തോതില്‍ വര്‍ധിച്ചു. ടൂറിസം മേഖലയില്‍ സൗദി, തുര്‍ക്കി സഹകരണം കൂടുതല്‍ ശക്തമാക്കണം.
കഴിഞ്ഞ കൊല്ലം സൗദി അറേബ്യ സന്ദര്‍ശിച്ച തുര്‍ക്കി പൗരന്മാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിച്ചു. 2023 ല്‍ 6,70,000 തുര്‍ക്കികള്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. സൗദി, തുര്‍ക്കി നേതാക്കള്‍ തമ്മിലെ ശക്തമായ രാഷ്ട്രീയ സംവാദം സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ സഹായിക്കുന്നു. സൗദി നിക്ഷേപകര്‍ക്ക് പ്രധാനപ്പെട്ട അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തുര്‍ക്കി തുടരുകയാണ്. തുര്‍ക്കി സംരംഭകര്‍ക്ക് പ്രധാനപ്പെട്ട നിക്ഷേപ സാഹചര്യം ഒരുക്കാന്‍ സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നതായും തുര്‍ക്കി വൈസ് പ്രസിഡന്റ് പറഞ്ഞു.
ഈ വര്‍ഷം പത്തു ലക്ഷം സൗദികള്‍ തുര്‍ക്കി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുര്‍ക്കി സാംസ്‌കാരിക, ടൂറിസം മന്ത്രി മുഹമ്മദ് നൂരി ഇര്‍സോയ് പറഞ്ഞു. 2022 ല്‍ അഞ്ചു ലക്ഷം സൗദികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം സൗദി ടൂറിസ്റ്റുകളുടെ എണ്ണം 8,30,000 ആയി ഉയര്‍ന്നു. ഈ കൊല്ലം പത്തു ലക്ഷം സൗദി ടൂറിസ്റ്റുകള്‍ തുര്‍ക്കിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ-വിസ അനുവദിക്കാനുള്ള തീരുമാനം നിലവില്‍ വന്നതോടെ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന തുര്‍ക്കി ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സൗദികളെ പ്രവേശന വിസയില്‍ നിന്ന് ഒഴിവാക്കാന്‍ അടുത്തിടെ തുര്‍ക്കി തീരുമാനിച്ചിരുന്നു. ഇത് സൗദി ടൂറിസ്റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് നൂരി ഇര്‍സോയ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ കൊല്ലം ലോകത്ത് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദിയിലാണെന്ന് യു.എന്‍ ടൂറിസം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2019 നെ അപേക്ഷിച്ച് 2023 ല്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 56 ശതമാനം തോതില്‍ വര്‍ധിച്ചു. ടൂറിസം മേഖലയില്‍ കോവിഡ്-19 മഹാമാരിക്കു മുമ്പുള്ളതിനേക്കാള്‍ കവിഞ്ഞ വളര്‍ച്ച കൈവരിച്ച ലോകത്തെ ഏക പ്രദേശം മധ്യപൗരസ്ത്യദേശമാണ്. 2023 ല്‍ മിഡില്‍ ഈസ്റ്റില്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വീണ്ടെടുപ്പ് അനുപാതം 122 ശതമാനമായി ഉയര്‍ന്നതായും യു.എന്‍ ടൂറിസം റിപ്പോര്‍ട്ട് വ്യക്തമാക്കി.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം അല്‍ബേനിയ ആണ്. 2019 നെ അപേക്ഷിച്ച് 2023 ല്‍ അല്‍ബേനിയയില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 53 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ 24 ശതമാനവും നാലാം സ്ഥാനത്തുള്ള പോര്‍ച്ചുഗലില്‍ 11 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള മൊറോക്കൊയില്‍ 11 ശതമാനവും ഡെന്മാര്‍ക്കില്‍ എട്ടു ശതമാനവും തുര്‍ക്കിയില്‍ ഏഴു ശതമാനവും ഗ്രീസില്‍ നാലു ശതമാനവും നെദര്‍ലാന്റ്‌സില്‍ രണ്ടു ശതമാനവും സ്‌പെയിനില്‍ ഒരു ശതമാനവും തോതില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി.