Sorry, you need to enable JavaScript to visit this website.

തുടങ്ങിയതൊരു കത്തില്‍; അപൂര്‍വ സൗഹൃദം അനുസ്മരിച്ച് സി.ജെ.വാഹിദ്

കെകെ സോമനാഥനും പത്നിയും, സി.ജെ. വാഹിദ്

കൊച്ചി- സുഹൃത്തിന്റെ വേര്‍പാടിന്റെ നൊമ്പരം പങ്കു വച്ചു സിജെ വാഹിദ് എഫ്.ബിയില്‍ നല്‍കിയ കുറിപ്പ് ദീര്‍ഘവും അപൂര്‍വവുമായ ഒരു സൗഹൃദത്തിന്റെ കഥ പറയുന്നു.

ദൂരദര്‍ശന്‍ നല്‍കിയ സൗഹൃദം....സോമനാഥന്‍ യാത്രയായി...

1990- 92 കാലഘട്ടത്തില്‍, ദൂരദര്‍ശനില്‍ തൊഴിലവസര വാര്‍ത്തകളുമായി വന്നു തുടങ്ങിയ നാളുകളില്‍, എനിക്കൊരു അപ്രതീക്ഷിത കത്ത് കിട്ടി...
 ഒരപരിചിതന്റെ കത്ത് ...!
കത്തിന്റെ പിറകില്‍ വിലാസം തെരഞ്ഞപ്പോള്‍ കെ കെ സോമനാഥന്‍ , ശ്രീവത്സം, പെരുമ്പല്ലൂര്‍ പി ഒ, മൂവാറ്റുപുഴ എന്നായിരുന്നു കണ്ടത്.
എനിക്കറിയാത്ത ഒരാളുടെ കത്തായിരുന്നുവെങ്കിലും ആകാംക്ഷയോടെ ഞാനത് പൊട്ടിച്ചു.

 പ്രിയപ്പെട്ട വാഹിദ്..എന്ന് തുടങ്ങിയ കത്ത് ഒറ്റയിരുപ്പില്‍  ഞാന്‍  വായിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ വലിയ സന്തോഷം തോന്നി..

 എന്റെ വാര്‍ത്താ വായനയെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നുമൂവാറ്റുപുഴക്കാരന്‍ കെകെ സോമനാഥന്‍ എന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ ആ കത്ത്.

.വളരെ വിശദമായ് ഓരോന്നും വിലയിരുത്തി അദ്ദേഹം എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി...  

 അതില്‍ എന്റെ അവതരണ ശൈലിയെ കുറിച്ചും ഉച്ചാരണ ശുദ്ധിയെക്കുറിച്ചുമൊക്കെ  അദ്ദേഹം ഏറെ പ്രകീര്‍ത്തിച്ചിരുന്നു.
 വളരെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്.മനോഹരമായ കൈപ്പടയിലുള്ള ആ കത്ത് ദൃശ്യമാധ്യമ ചരിത്രത്തില്‍ എനിക്ക് ആദ്യമായി ലഭിക്കുന്ന ഒരു വലിയ അംഗീകാരം ആയിരുന്നു.ഹൃദയം നിറഞ്ഞ കൈ നീട്ടം പോലെ.....!!
33 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിയ്ക്ക് അംഗീകാരങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു......ഈ ആ ആഴ്ചയും ഒരു ക്ഷേത്ര വക അമ്മ ശ്രേഷ്ഠ പുരസ്‌കാരം,...25 ന് മറ്റൊന്ന്....

 ആ കത്ത് വായിച്ച ശേഷം ഉടന്‍ തന്നെ ഞാന്‍ ഒരു മറുപടി അയച്ചിരുന്നു. തുടര്‍ന്ന് നിരന്തരമായി അദ്ദേഹത്തിന്റെ അന്വേഷണങ്ങളും സ്‌നേഹവും വിഷമങ്ങളും ഒക്കെ പങ്കുവെച്ച് സുദീര്‍ഘമായ എത്രയോ കത്തുകള്‍ അനുസ്യൂതം വന്നു കൊണ്ടിരുന്നു... പത്രങ്ങളില്‍ ഞാന്‍ സ്ഥിരമായി കത്തുകള്‍/പ്രതികരണങ്ങള്‍ എഴുതാറുണ്ടായിരുന്ന കാലമായിരുന്നു അത്. അങ്ങനെ ഒരു ദിവസം പ്രതികരണ കത്തില്‍ നിന്നാണ് എന്റെ മേല്‍വിലാസം അദ്ദേഹത്തിന് ലഭിച്ചത്...

ഞങ്ങള്‍ വലിയ ആത്മ സുഹൃത്തുക്കളായി.. പരസ്പരം കത്തുകളിലൂടെ സുഖ ദുഃഖ വിവരങ്ങള്‍ പങ്കുവെച്ചു.
അങ്ങനെ ആ സൗഹൃദം ഊഷ്മളമായി മുന്നോട്ടുപോയി. ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ മുന്‍പ് എന്റെ  പുതിയ വീടിന്റെ ഗൃഹപ്രവേശം സംബന്ധിച്ച് ചെറിയൊരു സൂചന മാത്രമേ ഞാന്‍ കത്തില്‍ നല്‍കിയിരുന്നുള്ളു .
 ലളിതമായ ചടങ്ങായിരുന്നു .അതിനാല്‍ അധികം ആരെയും ഞാന്‍ ക്ഷണിച്ചിരുന്നില്ല. പക്ഷേ,സംഭവിച്ചത് മറ്റൊന്ന്..
അപ്രതീക്ഷിതമായി അന്ന് പുലര്‍ച്ചെ ഒരു കാറെന്റെ  വീടിനുമുന്നിലെത്തി . അത് മറ്റാരുമായിരുന്നില്ല എന്റെ പ്രിയ സുഹൃത്ത് ശ്രീ സോമനാഥനും ഭാര്യ ഉഷാകുമാരി ടീച്ചറും  ആയിരുന്നു..
ഏറെ സമ്മാനങ്ങളുമായിട്ടായിരുന്നു ആ കുടുംബത്തിന്റെ വരവ്.
സ്‌നേഹം പകര്‍ന്ന് അദ്ദേഹമെന്നെ എപ്പോഴും ഞെട്ടിച്ചു കൊണ്ടിരുന്നു..
പല ചടങ്ങുകള്‍ക്കും മൂവാറ്റുപുഴയില്‍ നിന്ന് അദ്ദേഹമെ ത്തി...

 പിന്നീട് മൂവാറ്റുപുഴയില്‍ എന്തെങ്കിലും ആവശ്യത്തിനു പോകുമ്പോള്‍  ഞാന്‍ ഒന്ന്  വിളിക്കുമ്പോള്‍ എല്ലാം മാറ്റിവെച്ച്  എന്നോടൊപ്പം  കൂടുമായിരുന്നു.
 സര്‍വീസില്‍ ഇരിക്കുമ്പോള്‍ അടൂര്‍ വഴി പോകുമ്പോള്‍ ഉറപ്പായും അദ്ദേഹം എന്നെ വന്ന് കണ്ട് കുശലം പറഞ്ഞിട്ടായിരുന്നു തുടര്‍ യാത്ര....(എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ ആയി വിരമിച്ചിട്ട് കുറച്ചു കാലമായി.. )

അത്രത്തോളം ഉള്ളില്‍ സ്‌നേഹം കാത്തു സൂക്ഷിച്ച ചങ്ങാതി ആയിരുന്നു ഈ മനുഷ്യന്‍..ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്  അദ്ദേഹത്തിന്റെ മകളുടെ വിവാഹ ദിവസം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ  മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാനായി സാധിച്ചില്ല .എങ്കിലും ഞാനും കുടുംബവും പുലര്‍ച്ചെ തന്നെ ആ വീട്ടില്‍ പോയി മകളെ അനുഗ്രഹിച്ചിട്ടാണ്  മടങ്ങിയത്.

 എത്രയോ വര്‍ഷത്തെ സൗഹൃദം ആയിരുന്നു അത്. ജീവിതത്തില്‍ പലരെയും നാം പരിചയപ്പെടാറുണ്ട്. പക്ഷേ ആ പരിചയവും സ്‌നേഹവും ബന്ധവും നീണ്ടുനില്‍ക്കണമെന്നൊന്നുമില്ല .ശ്രീ സോമനാഥനുമായുള്ള ബന്ധം അതിരുകളില്ലാത്ത സ്‌നേഹത്തിന്റെതായിരുന്നു.
കുറച്ച് കാലം മുന്‍പ് അവസാനമായി ഞാന്‍ കാണുന്നത് മൂവാറ്റുപുഴ ഒരാവശ്യത്തിനായി എത്തിയപ്പോഴായിരുന്നു... അന്ന് എനിക്ക് പോകേണ്ട സ്ഥലത്ത് എന്നെ സ്വന്തം വാഹനത്തില്‍ കൊണ്ടുപോയി ..തിരികെ ബസ്സ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നൂ....അപൂര്‍വമായ മനുഷ്യരെ ഇങ്ങനെ സ്‌നേഹം പങ്കുവയ്ക്കുകയും അത്തരത്തില്‍ സൗഹൃദം നില നിര്‍ത്തുകയുമുള്ളു...

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മകളുടെ അടുത്ത് പോകുന്ന വിവരം അടുത്തിടെ എന്നെ അറിയിച്ചിരുന്നു.പക്ഷേ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ എന്നെ അറിയിച്ചിരുന്നില്ല.... അവിടെ വച്ചു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി യാത്ര വെട്ടിച്ചുരുക്കി നാട്ടില്‍ എത്തു കയായിരിന്നു.. തുടര്‍ന്ന് അമൃതയില്‍അഡ്മിറ്റ് ചെയ്തിരുന്നതുമൊന്നും അറിയിച്ചിരുന്നില്ല...പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് കുടുംബം നിനച്ചിരുന്നില്ല.
പക്ഷേ.... ദൈവ നിശ്ചയം മറ്റൊന്നായിരുന്നു... ഈ പ്രിയ സുഹൃത്തിന്റെ വേര്‍പാട് വലിയൊരു വേദനയാണ് മനസ്സില്‍ സൃഷ്ടിച്ചത്.അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല...

എങ്കിലും ഇന്ന് ആ വീട്ടുമുറ്റത്തെ ത്തുമ്പോള്‍ ,അലിഞ്ഞുചേര്‍ന്ന ആ മണ്ണില്‍ നില്‍ക്കുമ്പോള്‍, എന്റെ ചങ്ങാതിയുടെ സാമീപ്യം ഒരിക്കല്‍ കൂടി ഞാന്‍ അറിഞ്ഞു...എന്നോട് എന്തൊക്കെയോ സംസാരിക്കുന്നത് എനിയ്ക്ക് കേള്‍ക്കാമായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് നിയന്ത്രിക്കാന്‍ എനിക്കായില്ല..
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മകള്‍ അനുശ്രീയും കുടുംബവും  എത്തിയിരുന്നു... ബാംഗളുരുവില്‍ നിന്ന്  അനുരാജും ഉണ്ടായിരുന്നു..

 ആ കുടുംബത്തിന്റെ തീരാവേദനയില്‍ ഞാനും പങ്കുചേരുകയാണ് ..ഒന്നുണ്ട്.. മരിക്കുവോളം ഈ ചങ്ങാതി നല്ലോര്‍മ്മകളുമായി എന്നോടൊപ്പമുണ്ട്....
 ആ കുടുംബത്തിന് ദൈവം  സമാധാനം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
സി ജെ വാഹിദ് ചെങ്ങാപ്പള്ളി


കൂടുതൽ വാർത്തകൾ വായിക്കാം

മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് മക്കയിലേക്ക് 35 മിനിറ്റ്; റോഡ് 80 ശതമാനം പൂര്‍ത്തിയായി

ഇരിക്കാന്‍ അനുവദിക്കുന്നില്ല; സൗദി യുവതിയുടെ വീഡിയോ

സാനിയ മിര്‍സയുടെ പുതിയ പോസ്റ്റും ചിത്രങ്ങളും വൈറലായി


 

Latest News