Sorry, you need to enable JavaScript to visit this website.

അബുദാബിയിലെ ഇരട്ട കൊലപാതകം,  അഞ്ചു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു 

കൊച്ചി-അബുദാബിയിലെ ഇരട്ട കൊലപാതക കേസില്‍ 5 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി പ്രവാസി വ്യവസായി തത്തങ്ങ പറമ്പില്‍ കുറുപ്പംതൊടിയില്‍ ഹാരിസ്, മാനേജര്‍ ചാലക്കുടിയിലെ ഡെന്‍സി ആന്റണി എന്നിവര്‍ അബൂദാബിയിലെ ഫ്‌ളാറ്റിലാണ് കൊല്ലപ്പെട്ടത്. ഹാരിസിന്റ ബിസിനസ് പങ്കാളി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്രഫ്, കൂട്ടാളികളായ നടുതൊടിക നിഷാദ്, കൂത്രാടന്‍ മുഹമ്മദ് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
ഹാരിസിന്റ മുന്‍ഭാര്യ കെ.സി. നസ്ലീമ, നസ്ലീമയുടെ പിതാവ് കെ.സി.റഷീദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ വയനാട് കോളേരി സുന്ദരന്‍ സുകുമാരന്‍, നിലമ്പൂര്‍ ഡിവൈഎസ്പി നേരത്തെ അറസ്റ്റ് ചെയ്ത ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഒളിവില്‍ പോയ കൈപ്പഞ്ചേരി ഫാസില്‍, കുന്നേക്കാടന്‍ ഷമീം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 2020 മാര്‍ച്ച് 5 ന് ആണ് ഇരട്ട കൊലപാതകം നടന്നത്. ലഹരി മരുന്ന് ഇടപടിന്റ പേരില്‍ ഷൈബിന് അബുദാബിയില്‍ പ്രവേശന വിലക്കുണ്ട്. കേസില്‍ കുടുക്കിയത് ഹാരിസാണെന്ന സംശയം, നസ്ലീമയുമായി ഷൈബിന്റ സൗഹൃദം എന്നിവ കൊലപാതകങ്ങള്‍ക്ക് പ്രേരണയായെന്നാണ് കേസ്. ഷൈബിന്‍ അന്ന് എഎസ് ഐ ആയിരുന്ന സുന്ദരന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതി ആസൂത്രണം ചെയ്തു. കൊലയാളി സംഘത്തെ വിമാനമാര്‍ഗം അബുദാബിയിലേക്ക് അയച്ചു. ഹാരിസിന്റ താമസ സ്ഥലത്തിന് സമീപം ഫ്‌ളാറ്റില്‍ താമസമാക്കി ആഴ്ചകളോളം നിരീക്ഷണം നടത്തി. ആദ്യം ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
പിന്നീട് ഹാരിസിനെ കൈ ഞരമ്പ് മുറിച്ച് ബാത്ത് ടബില്‍ തള്ളി.രക്തം വാര്‍ന്ന് ഹാരിസ് മരിച്ചു. കൊലപാതകങ്ങള്‍ക്ക് നിലമ്പൂരിലെ വീട്ടിലിരുന്ന് വിഡിയോ കോള്‍ വഴി ഷൈബിന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കി കൊണ്ടിരുന്നു. തന്നെ കൊല്ലരുതെന്നും മൂന്ന് പിഞ്ചു കുട്ടികളുണ്ടെന്നും ഡെന്‍സി കേണപേക്ഷിച്ചത് ഷൈബിന്‍ ചെവിക്കൊണ്ടില്ല. ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതായി കൃത്രിമ  തെളിവുകള്‍ ഉണ്ടാക്കി സംഘം ഫ്‌ളാറ്റ് വിട്ടു. 
വീട് കയറി ആക്രമിച്ച് പണം കവര്‍ച്ച ചെയ്തെന്ന് നൗഷാദിനും സംഘത്തിനും എതിരെ ഷൈബിന്‍ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് നൗഷാദും കൂട്ടാളികളും തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പോലീസ് കസ്റ്റഡിയില്‍ സംഘം നടത്തിയ വെളിപ്പെടുത്തലുകളാണ് ഷാബാ ഷെരീഫ് വധം, ഇരട്ട കൊലപാതകം എന്നിവ വെളിച്ചത്ത് കൊണ്ടുവന്നത്. ഇരട്ട കൊലപാതക കേസ് നിലമ്പൂര്‍ ഡിവൈഎസ്പിയാണ് ആദ്യം അന്വേഷിച്ചത്. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാരിസിന്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ ഷൈബിന്‍, നിഷാദ് മുഹമ്മദ് അജ്മല്‍, ഷഫീഖ്, ഷബീബ് റഹ്മാന്‍ എന്നിവരെ കോഴിക്കോട് ജയിലില്‍ നിന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി. 

Latest News