ബംഗളുരു- കർണാടകയിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യ സർക്കാർ അധികാരമേറ്റതിനു ശേഷം ആദ്യമായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേൽക്കൈ. കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് നടന്ന കോർപറേഷൻ, മുനിസിപാലിറ്റി അടക്കമുള്ള 102 തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 2,664 സീറ്റിൽ 2,267 ഇടത്തും ഫലം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 846 സീറ്റും ബിജെപി 788 സീറ്റും ജെഡിഎസ് 307 സീറ്റും നേടി. സ്വതന്ത്രർ 277 സീറ്റുകളിൽ ജയിച്ചു. മുൻമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പയുടെ ശക്തി കേന്ദ്രമായ ഷിമോഗ മാത്രമാണ് ബി.ജെ.പി മുന്നിട്ടു നിൽക്കുന്ന മുനിസിപ്പൽ കോർപറേഷൻ.
കോൺഗ്രസും ജെഡിഎസും സംസ്ഥാനം ഭരിക്കുന്നത് ഒന്നിച്ചാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. ഫല പ്രഖ്യാപനത്തിനു ശേഷം ഒരു പാർട്ടിയും വ്യക്തമായ ഭൂരിപക്ഷം നേടാത്ത ഇടങ്ങളിൽ ഇരു പാർട്ടികളും കൈകോർക്കുമെന്നാണ് പ്രതീക്ഷ. ഇരുപാർട്ടികളും പകുതിയിലേറെ സീറ്റുകളിൽ ജയിച്ചാൽ അത് നഗരസഭകളിലും വൻനഗരങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ബിജെപിക്കേറ്റ തിരിച്ചടിയായും വിലയിരുത്തപ്പെട്ടേക്കും.
കൊഡഗു ജില്ലയിൽ മൂന്നിടത്ത് പ്രളയക്കെടുതികളെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്. ബംഗളുരു അടക്കമുള്ള പല ജില്ലകളിലും ഈ വർഷം അവസാനത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഓഗസ്റ്റ് 29നു നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് രേഖപ്പെടുത്തിയിരുന്നു. 67 ശതമാനം. സംവരണവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ മൈസുരു, ശിവമൊഗ്ഗ, തുമകുരു ജില്ലകളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
2013ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 4,976 സീറ്റുകളിൽ 1,960 സീറ്റുകൾ നേടി കോൺഗ്രസ് മുന്നിലെത്തിയിരുന്നു. ബി.ജെ.പിയും ജെഡിഎസും 905 സീറ്റുകൾ വീതവും ബാക്കിയുള്ള 1,206 സീറ്റുകൾ സ്വതന്ത്രരും നേടി.






