വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിന് വെളിയിലേക്ക് തലയിട്ട് കാഴ്ചകള്‍ കാണുന്നത് ഒരു വിനോദമായി മാറിയിട്ടുണ്ട്. ഇതിന്റെ അപകട സാധ്യതകള്‍ മുന്നില്‍ കണ്ട് അധികൃതര്‍ ഇത് തന്നെ വിലക്കിയിട്ടുണ്ട്. എന്നാല്‍ നിയമങ്ങള്‍ നമുക്ക് അനുസരിക്കാനുള്ളതല്ലല്ലോ!
എക്‌സ്‌പ്ലോര്‍ ദി അണ്‍സീന്‍ 2.0 എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ എത്ര അശ്രദ്ധമായാണ് നാം ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നതാണ്. പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂട്യൂബര്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ഹരിയാനയിലെ ഗുഡ്ഗാവിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ചിത്രീകരിച്ച വീഡിയോ ആണിത്. ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് നാല് ഹ്യുണ്ടായി വെര്‍ണ കാറുകളടങ്ങുന്ന വാഹന വ്യൂഹം കണ്ടത്. ഈ കാറുകളില്‍ മൂന്നെണ്ണം പൂക്കളും റിബണുകളും കൊണ്ട് അലങ്കരിച്ചതിനാല്‍ തന്നെ വിവാഹ സംഘത്തിന്റെ കാറാണെന്ന് മനസ്സിലാക്കാം.
അക്കൂട്ടത്തിലെ ഒരു വെര്‍ണ സെഡാന്റെ സണ്‍റൂഫില്‍ നിന്ന് വരന്‍ പുറത്തു നില്‍ക്കുന്നതും കാണാന്‍ സാധിക്കും. മുന്നില്‍ ഒരു കറുത്ത വെര്‍ണ കാറില്‍ ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറും മറ്റൊരാളും സണ്‍റൂഫിന് വെളിയില്‍ വന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇവരെ കൂടാതെ മറ്റൊരു കാറില്‍ മറ്റ് കുറച്ച് പേരും വെര്‍ണയുടെ സണ്‍റൂഫിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ റൂഫില്‍ ഇരിക്കുകയാണെന്നാണ് വീഡിയോ ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ നമുക്ക് തോന്നുക. എന്നാല്‍ ശ്രദ്ധയോടെ കാണുമ്പോള്‍ അവര്‍ സണ്‍റൂഫിന്റെ പുറത്തേക്ക് നില്‍ക്കുന്നതായാണ് മനസ്സിലാകുക.
നമ്മുടെ രാജ്യത്തെ മിക്ക ആളുകളും കാബിനിലേക്ക് കൂടുതല്‍ സൂര്യപ്രകാശം കൊണ്ടുവരാനുള്ള ഒരു ലക്ഷ്വറി ഫീച്ചറായല്ല സണ്‍റൂഫിനെ കണക്കാക്കുന്നത്. ഓടുന്ന കാറിന്റെ പുറത്തുവരാനും ശുദ്ധവായു ശ്വസിക്കാനുമുള്ള മാര്‍ഗമായാണ് പലരും ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഇത് ഒരിക്കലും സുരക്ഷിതമായ ഒരു പ്രവൃത്തിയല്ല. ഹൈവേകളിലും പൊതു റോഡുകളിലും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല.
കാരണം ഹൈവേയിലൂടെയും മറ്റും സാമാന്യം നല്ല സ്പീഡില്‍ വാഹനം ഓടിക്കുന്ന വേളയില്‍ സഡന്‍ ബ്രേക്കിടേണ്ടി വന്നാല്‍ സണ്‍റൂഫിന് വെളിയില്‍ നില്‍ക്കുന്നയാള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ സണ്‍റൂഫില്‍ തന്നെ തലയിടിക്കാനും തെറിച്ച് വീഴാനുമെല്ലാം സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ ലക്ഷ്വറി ഫീച്ചര്‍ ഉദ്ദേശിച്ച രീതിയില്‍ ഉപയോഗിക്കാന്‍ അധികാരികള്‍ നിര്‍ദേശിക്കുന്നത്.
പലപ്പോഴും കുട്ടികളാണ് സണ്‍റൂഫിന് വെളിയിലേക്ക് വരാന്‍ ഏറെ താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇത് അത്യന്തം അപകടം പിടിച്ച പണിയാണ്. അതുകൊണ്ട് മക്കള്‍ സണ്‍റൂഫിന് പുറത്തേക്ക് തലയിട്ട് നില്‍ക്കണമെന്ന് വാശി പിടിച്ചാല്‍ ആ ഫീച്ചറിന്റെ ശരിയായ ഉപയോഗം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക.






