Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: പത്രസമ്മേളനം നടത്താൻ പോലീസിന് എന്ത് അവകാശമെന്ന് ഹൈക്കോടതി

മുംബൈ- ഭീമ കൊരേഗാവ് അക്രമത്തിന്റെ പേരിൽ അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തിയ മുംബൈ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി ബോംബൈ ഹൈക്കോടതി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പത്രസമ്മേളനം നടത്തിയതെന്ന് ഹൈക്കോടതി ചോദിച്ചു. അറസ്റ്റിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് അറസ്റ്റിലായവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന നിലപാട് പോലീസ് ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് പത്രസമ്മേളനം നടത്തിയതിന് പോലീസിന് കോടതിയിൽനിന്ന് വിമർശനം നേരിട്ടത്. 
ഭീമ-കൊരേഗാവ് സംഘർഷവുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നു പൂനെ പോലീസ് റെയ്ഡ് നടത്തി പിടികൂടിയ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് വീട്ടുതടങ്കലാക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ് ആണെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരെ സെപ്റ്റംബർ ആറുവരെ വീട്ടു തടങ്കലിൽ വെച്ചാൽ മതിയെന്ന് കോടതി നിർദേശിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ചാണ്  രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ പൂനെ പോലീസിന്റെ നടപടികളെ ചോദ്യം ചെയ്തു മനുഷ്യവകാശ പ്രവർത്തകരെ ജയിലേക്കയക്കുന്നത് തടഞ്ഞ് വീട്ടു തടങ്കലിൽ വെച്ചാൽ മതിയെന്ന് നിർദേശം നൽകിയത്. കേസിൽ മഹാരാഷ്ട്ര പോലീസിന് സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തു. ഇതിന്റെ മറുപടി സെപ്റ്റംബർ അഞ്ചിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. 
    ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ആണ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണ് വിയോജിപ്പെന്ന് പറഞ്ഞത്. വിയോജിപ്പ് എന്ന സുരക്ഷാ വാൽവ് ഇല്ലെങ്കിൽ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അടുത്ത വാദം കേൾക്കുന്നതു വരെ ഇവരെ വീടുകളിൽ നിന്നു മാറ്റരുതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കഴിഞ്ഞ ദിവസം പൂനെ പോലീസ് വാസസ്ഥലങ്ങൾ റെയ്ഡ് ചെയ്ത്  അറസ്റ്റ് ചെയ്ത അഞ്ചു പേരെയും മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാൻ പോലീസിന് കോടതി അനുമതി നിഷേധിച്ചു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
    വിപ്ലവ കവി പി. വരവരറാവു, അഭിഭാഷകയും ട്രേഡ് യൂണിയൻ പ്രവർത്തകയും ആയ സുധ ഭരദ്വാജ്, മാധ്യമ പ്രവർത്തകൻ ഗൗതം നാവ്‌ലാഖ, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരെയാണ് കഴിഞ്ഞ ദിവസം വിവിധ നഗരങ്ങളിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തു റോമില ഥാപ്പർ, ദേവദി ജയിൻ, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡേ, മാജാ ധാരുവാല എന്നിവർ ഉൾപ്പടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മഹാരാഷ്ട്ര പോലീസ് നടത്തുന്നതെന്നും പാർശ്വവത്കരിക്കപ്പെട്ടവരെ സഹായിക്കുന്നതിന് തടസം നിന്ന് ജനമനസുകളിൽ ഭീതി പടർത്തുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. 
    മുതിർന്ന അഭിഭാഷകരായ മനു അഭിഷേഷ് സിംഗ്‌വി, ഇന്ദിരാ ജയ്‌സിംഗ്, രാജു രാമചന്ദ്രൻ, ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷൻ, വൃന്ദ ഗ്രോവർ എന്നിവരാണ് ഇന്നലെ രാവിലെ ചീഫ് ജസ്റ്റീസിനു മുന്നിൽ വിഷയം ഉന്നയിച്ചത്. തുടർന്ന് വൈകുന്നേരം 4.30ന് ഹർജി പരിഗണിച്ചു. അറസ്റ്റു നടത്തിയത് ഒരു അടിസ്ഥാനവും ഇല്ലാതെയാണ്. എഫ്‌ഐആറിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരില്ലെന്നും പോലീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. ഇവർക്കു ബന്ധമുണ്ടെന്ന് പോലീസ് ആരോപിക്കുന്ന യോഗവുമായി അറസ്റ്റിലായവർക്ക് ഒരു ബന്ധവും ഇല്ല. അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിൽ അഭിഭാഷകയായി ജോലി ചെയ്യുന്ന ആളാണ് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ അധ്യാപിക കൂടിയായ സുധ ഭരദ്വാജ്. ഇവർക്ക് ആർക്കും തന്നെ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. 
    എന്നാൽ, ഈ വാദങ്ങളെ എതിർത്താണ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഹർജി നൽകിയിരിക്കുന്നത് കേസുമായി ബന്ധമില്ലാത്തവരാണെന്നും കുറ്റാരോപിതർ കോടതിയെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു തുഷാർ മേത്ത വാദിച്ചത്. ഈ കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും കുറ്റാരോപിതരിൽ സുധാ ഭരധ്വാജും ഗൗതം നവ്‌ലാഖയും മാത്രമെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളുവെന്നുമായിരുന്നു  ഇതിന് സിംഗ്‌വിയുടെ മറുപടി. സാങ്കേതിക തടസങ്ങൾ പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും വ്യക്തമാക്കി. തുടർന്ന് മറുപടി സത്യവാങ്മൂലം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അതുവരെ അഞ്ച് പേരെയും വീട്ടുതടങ്കലിൽ വെക്കണമെന്ന അഭിഷേഷ് സിംഗ്‌വിയുടെ ആവശ്യം കോടതി അംഗീകരിച്ചു. 
    ഗൗതം നാവ്‌ലാഖയേയും സുധ ഭരദ്വാജിനെയും പൂനെയിലേക്ക് കൊണ്ടു പോകുന്നത് നേരത്തേ ഡൽഹി ഹൈക്കോടതിയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും തടഞ്ഞിരുന്നു. അറസ്റ്റിന് ആവശ്യമായ രേഖകൾ മറാത്തിയിൽ നിന്നു പരിഭാഷ പെടുത്തി നൽകാതിരുന്നതിന് മഹാരാഷ്ട്ര പോലീസിനെ ഡൽഹി ഹൈക്കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. പിന്നീട് കേസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി വാദം കേൾക്കുന്നത് നിർത്തിവെച്ചു. 
    ഭീമ കൊറേഗാവ് സംഘർഷം രാജ്യത്തിനും ഭരണഘടനയ്ക്കും എതിരായിരുന്നെന്നാണ് സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ പറഞ്ഞത്. പോലീസിന്റെ ധാർമികതയെ ഇടിച്ചു താഴ്ത്തുന്നത് ശരിയല്ല. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് നിരപരാധികൾ എന്നുറപ്പുണ്ടെങ്കിൽ കോടതികളെ സമീപിക്കാമെന്നുമാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം പോളിറ്റ് ബ്യൂറോയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും രൂക്ഷമായി വിമർശിച്ചിരുന്നു. 

Latest News