ബെംഗളൂരു- വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ബെംഗളൂരുവിലും മറ്റ് 10 കോര്‍പ്പറേഷന്‍ ഏരിയകളിലും കടകളും മറ്റ് സ്ഥാപനങ്ങളും പുലര്‍ച്ചെ ഒരു മണി വരെ തുറക്കാന്‍ അനുവദിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
വെള്ളിയാഴ്ച ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. 'ബെംഗളൂരുവിനെ ലോകോത്തര നഗരമായി വികസിപ്പിക്കുന്നതിന്, ഞങ്ങള്‍ ബ്രാന്‍ഡ് ബംഗളൂരു എന്ന ആശയം രൂപപ്പെടുത്തിയിട്ടുണ്ട്. അധികാരമേറ്റശേഷം 1700 കോടി രൂപ ചെലവില്‍ 147 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ ജോലികള്‍ 2025 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കും.
ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിച്ച് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതലുള്ള ഹെബ്ബാള്‍ ജംഗ്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം തുരങ്കം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വലിയ തോതിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി പെരിഫറല്‍ റിംഗ് റോഡിന്റെ സ്ഥാനം ബെംഗളൂരു ബിസിനസ് ഇടനാഴിയായി മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നു.
ഈ പദ്ധതി പ്രകാരം പിപിപി മാതൃകയില്‍ 27,000 കോടി രൂപ ചെലവില്‍ 73 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ ആര്‍എഫ്പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ പദ്ധതി തുടങ്ങാനാണ് നിര്‍ദേശിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബംഗളൂരുവില്‍ 250 മീറ്റര്‍ ഉയരമുള്ള സ്‌കൈഡെക്ക് നിര്‍മ്മിക്കുന്നതിനുള്ള ഒരു ഡിസൈന്‍ തയ്യാറാക്കാന്‍ അന്താരാഷ്ട്ര പ്രശസ്തരായ ആര്‍ക്കിടെക്റ്റുകളെ ക്ഷണിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. 2025 മാര്‍ച്ചോടെ നിലവിലുള്ള 74 കിലോമീറ്ററിനൊപ്പം 44 കിലോമീറ്റര്‍ അധിക മെട്രോ പാത കൂടി കൂട്ടിച്ചേര്‍ക്കും.






