മണിക്കൂറുകളോളം ഓഫീസില്‍ ചടഞ്ഞിരുന്ന് ജോലി ചെയ്യുന്നവരെ ആശങ്കയിലാക്കുന്ന പഠനം പുറത്ത്. ഓഫീസ് കസേരയില്‍ ദീര്‍ഘനേരം ഇരിക്കുന്നവര്‍ക്ക് അകാലമരണം വിദൂരമല്ലെന്നാണ് ജാമാ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
തായ്‌വാനില്‍നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. 4,81,688 പേരെ പതിമൂന്നു വര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. തുടര്‍ന്നാണ് മണിക്കൂറുകളോളം ഓഫീസ് കസേരയില്‍ ഇരിക്കുന്നത് അകാലമരണ സാധ്യത പതിനാറു ശതമാനം വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയത്. ഹൃദ്രോഗങ്ങള്‍ മൂലം മരണപ്പെടാനുള്ള സാധ്യത മുപ്പത്തിനാലു ശതമാനമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘസമയം ഇരിക്കുന്നതുവഴി ശരീരത്തിന് മതിയായ ചലനം ലഭിക്കാതിരിക്കുകയാണ്. ഇത് അമിതവണ്ണമുണ്ടാകാനും രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ വര്‍ധിക്കാനും അരക്കെട്ടിനു ചുറ്റും കൊഴുപ്പടിയാനും ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാനും കാരണമാകും. വൈകാതെ ഹൃദ്രോഗങ്ങളും അര്‍ബുദവും ബാധിക്കാനുള്ള സാഹചര്യം വര്‍ധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.