മുംബൈ - നിരത്തുകളിൽ നിന്നു മൂന്നുലക്ഷം സ്കൂട്ടറുകൾ തിരിച്ചു വിളിച്ച് യമഹ ഇന്ത്യ. ഗുരുതര ബ്രേക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2022 ജനുവരി ഒന്നുമുതൽ 2024 ജനുവരി നാലു വരെ നിർമിച്ച 125 സി.സി സ്കൂട്ടറുകളാണ് തിരിച്ചുവിളിച്ചത്. ബ്രേക്ക് ലിവർ പ്രവർത്തനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ സ്വീകരിച്ച നടപടിയാണിതെന്ന് കമ്പനി വ്യക്തമാക്കി. യമഹയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടു സ്കൂട്ടർ മോഡലുകളായ റേ സെഡ് ആർ 125 ഹൈബ്രിഡ്, ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് എന്നി മോഡലുകളിലാണ് തകരാർ സംശയിക്കുന്നത്. 2023-ൽ അപ്ഗ്രേഡ് ചെയ്ത മോഡലുകളാണിവ. 2022 ജനുവരിക്കു ശേഷം നിർമിച്ച മോഡലുകളിൽ മാത്രമാണ് തകരാറെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ നിർമിച്ച സ്കൂട്ടറുകൾ ഉപയോക്താക്കൾ എത്രയും വേഗം അടുത്തുള്ള ഔദ്യോഗിക സർവീസ് സെന്ററുകളിൽ എത്തിക്കണം. മാറ്റിസ്ഥാപിക്കുന്ന ഭാഗം ബന്ധപ്പെട്ട ഉപഭോക്താവിന് സൗജന്യമായി നൽകുമെന്നും കമ്പനി അറിയിച്ചു.
തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉപയോക്താക്കൾ യമഹ മോട്ടോഴ്സ് ഇന്ത്യ വെബ്സൈറ്റിലെ സേവന വിഭാഗം സന്ദർശിച്ച് വ്യക്തത വരുത്തണം. ഇവിടെ 'SC 125 Voluntary Recall' എന്ന ഓപ്ഷനിൽ വാഹനത്തിന്റെ വിശദാംശങ്ങൾ നൽകിയാണ് പരിശോധിക്കേണ്ടത്.






