റോഹിംഗ്യന്‍ ജനതയോട് പട്ടാളം കാണിച്ച ക്രൂരതകള്‍ പുറം ലോകത്തെത്തിച്ച രണ്ട് റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
ഔദ്യോഗിക രേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചതിനാണ് ശിക്ഷ. റോഹിംഗ്യ മുസ്ലിംകളോട് കാണിച്ച ക്രൂരതകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അന്താരാഷ്ട്ര വിമര്‍ശനം ശക്തമായിരിക്കെയാണ് റോഹിംഗ്യ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ചതിന് റോയിട്ടേഴ്‌സ് ലേഖകരെ ശിക്ഷിച്ചിരിക്കുന്നത്.
കോളനിവാഴ്ച മുതല്‍ നിലനില്‍ക്കുന്ന ഔദ്യോഗിക രഹസ്യനിമയങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍മാരായ വാ ലോണും ക്യാ സോയും വാദിച്ചു. പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന വാദവും ജഡ്ജി അംഗീകരിച്ചില്ല. ജഡ്ജി അസുഖബാധിതനായതിനാലാണ് വിധി ഒരാഴ്ച വൈകിയത്.
നോബല്‍ സമ്മാന ജേത്രിയായ ഓങ് സാന്‍ സൂചിയുടെ ഭരണത്തിന്‍ കീഴില്‍ പത്രസ്വാതന്ത്ര്യം എങ്ങനെ ഹനിക്കപ്പെടുന്നുവെന്നതിന്റെ ഉദാഹരണമായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് ഈ കേസ്. 2016 ല്‍ അധികാരമേറ്റ സൂചിക്ക് മ്യാന്മറിലെ പട്ടാള ഭരണത്തെ പൂര്‍ണ ജനാധിപത്യത്തിലെത്തിക്കാനകുമെന്ന ലോകത്തിന്റെ പ്രതീക്ഷകളാണ് അസ്തമിക്കുന്നത്.
ഹൃദയം തകര്‍ക്കുന്നതാണ് ഈ ശിക്ഷാ വിധിയെന്നും ജനാധിപത്യത്തില്‍ അനിവാര്യമായ നിയമവാഴ്ചയും പത്രസ്വാതന്ത്ര്യവുമാണ് മ്യാന്മറില്‍ ഇല്ലാതായിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് ഏഷ്യ റീജ്യണല്‍ എഡിറ്റര്‍ കെവിന്‍ ക്രോളിക്കി പ്രതികരിച്ചു.
ചോദ്യം ചെയ്യലില്‍ കടുത്ത പീഡനവും മര്‍ദനവുമേറ്റതായി 32 കാരനായ വാ ലോണും 28 കാരനായ ക്യാ സോയും വെളിപ്പെടുത്തിയിരുന്നു. ജാമ്യാപേക്ഷകള്‍ പാടേ നിരാകരിക്കപ്പെട്ടു. വാ ലോണിന്റെ യംഗൂണിലുള്ള ഭാര്യ ഓഗസ്റ്റ് പത്തിന് കുഞ്ഞിനു ജന്മം നല്‍കിയിട്ടും ഇതുവരെ മകളെ കാണാന്‍ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല.
മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്ത് സുരക്ഷാ സേനകള്‍ കാണിച്ച മനുഷ്യത്വരഹിതമായ അതിക്രമങ്ങളാണ് രണ്ട് റിപ്പോര്‍ട്ടര്‍മാരും പുറം ലോകത്ത് എത്തിച്ചിരുന്നത്. കൂട്ടബലാത്സംഗവു തീവെപ്പും ശിക്ഷാമുറയാക്കിയ പട്ടാളക്കാരില്‍നിന്ന് ബുദ്ധ ഭീകരരില്‍നിന്നും രക്ഷപ്പെടാന്‍ ഏഴ് ലക്ഷത്തോളം റോഹിംഗ്യകളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.