Sorry, you need to enable JavaScript to visit this website.

ജനാധിപത്യം വെളിച്ചമാണ് 

എല്ലാം മൂടിവെക്കണമെന്ന് ഭരണാധികാരികൾ ആഗ്രഹിക്കുന്നത് ജനാധിപത്യത്തിന്റെ സത്തക്ക് എതിരാണ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകമാകുന്നത് അതിനായി ഒഴുക്കിയ പണത്തിന്റെ കണക്കുകൾ കൂടി പുറത്തു വരുമ്പോഴാണ്. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി വെളിച്ചത്തു കൊണ്ടുവരാൻ പോകുന്നത് കോർപറേറ്റുകളുടെ പണമൊഴുക്കാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പു വരുത്തലാണ് അടുത്തതായി വേണ്ടത്. 

 


സുതാര്യതയാണ് ജനാധിപത്യത്തിന്റെ കാതലും സൗന്ദര്യവും. ജനങ്ങൾക്കറിയാത്ത രഹസ്യങ്ങളൊന്നും ഭരണകൂടത്തിനുമുണ്ടാകാത്ത കമനീയത. ദേശസുരക്ഷയുമായി ബന്ധപ്പെട്ട അപൂർവം കാര്യങ്ങളൊഴികെ രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും പൗരന്മാരുടെ അറിവോടെയായിരിക്കണം എന്നതാണ് ഒരു സജീവ ജനാധിപത്യത്തിന്റെ സത്ത. ഇതിന് തികച്ചും വിരുദ്ധമായാണ് കുറേക്കാലമായി ഇന്ത്യയിൽ കാര്യങ്ങളുടെ പോക്ക്. എല്ലാ രഹസ്യമായി വെക്കാനുള്ള വെമ്പലാണ് അധികാരികൾക്ക്. ഈ രഹസ്യാത്മകതക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ഇലക്ടറൽ ബോണ്ടുകൾക്കെതിരെ സുപ്രീം കോടതി നൽകിയ വിധിന്യായം.

രാജ്യം വിപ്ലവകരമെന്ന് വിശേഷിപ്പിച്ച നിയമ നിർമാണമായിരുന്നു വിവരാവകാശ നിയമം. ഏതൊരു സാധാരണ പൗരനും വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഏതു കാര്യത്തെക്കുറിച്ചും അന്വേഷിക്കാനും അറിയാനുമുള്ള നിയമപരമായ അവകാശമാണ് ഈ നിയമം ലഭ്യമാക്കിയത്. സർക്കാരിലെ രഹസ്യ നടത്തിപ്പുകാർക്ക് ഇതൊരു വലിയ ആഘാതമായിരുന്നു. യു.പി.എ സർക്കാരിന്റെ നിരവധി വിപ്ലവകരമായ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു ഈ നിയമം. ആധുനിക ലിബറൽ മൂല്യങ്ങളോടും ജനാധിപത്യത്തിന്റെ സത്തയോടും യോജിച്ചുപോകുന്ന നിയമം. ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം വിവരാവകാശ നിയമത്തിന് പലവിധത്തിലുള്ള തടസ്സങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും അതിപ്പോഴും നിലനിൽക്കുന്നു. വിവരാവകാശ നിയമത്തിന്റെ സത്ത ചോർത്തിക്കളയുന്നതാണ് ഇലക്ടറൽ ബോണ്ടുകളെന്നതാണ് സുപ്രീം കോടതി വിധിയുടെ പ്രധാന വശം.

ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇലക്ടറൽ ബോണ്ട് സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി വെക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. 
വാങ്ങുന്നവരുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്ന സംവിധാനമാണ് എസ്.ബി.ഐ പുറപ്പെടുവിക്കുന്ന ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണത്തിന് ഏറ്റവും സുതാര്യമായ മാർഗമാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷനു നൽകാൻ എസ്.ബി.ഐക്ക് കോടതി നിർദേശം നൽകിയതും രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാകും. ഇത്തരത്തിൽ പണം ഏറ്റവും കൂടുതൽ സമാഹരിച്ചത് ബി.ജെ.പിയാണെന്നതിനാൽ കേന്ദ്ര സർക്കാരിന് കനത്ത പ്രഹരമാണ് ഈ വിധി. അടുത്ത മാസം 31 നകം  വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷനോടും സുപ്രീം കോടതി നിർദേശിച്ചു. ഇലക്ടറൽ ബോണ്ടുകൾ നിർത്തിവെക്കാനും ഉത്തരവിട്ടു. 
2018 ജനുവരി രണ്ട് മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്ക്കോ സംഘമായോ വാങ്ങാനും സാധിക്കും. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതിൽ സുതാര്യത കൊണ്ടുവരാൻ എന്ന് അവകാശപ്പെട്ട് 2018 ലെ പൊതു ബജറ്റിലാണ് ഇലക്ടറൽ ബോണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. 
പലിശയില്ലാത്ത കടപ്പത്രം ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യൻ കമ്പനികൾക്കും വാങ്ങാം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളാണു നൽകുക, 1000, 10,000, 1,00,000, 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപക്കു വേണമെങ്കിലും വാങ്ങാം,  ഇടപാടുകാരന്റെ വിശദാംശങ്ങൾ (കെവൈസി) സംബന്ധിച്ച വ്യവസ്ഥ പാലിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകി വാങ്ങാം, വാങ്ങുന്നയാളുടെ പേരു കടപ്പത്രത്തിൽ രേഖപ്പെടുത്തില്ല, മൂല്യം 15 ദിവസത്തേക്കു മാത്രം, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലോ നിയമസഭ തെരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ട് നേടിയ, രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് ഇങ്ങനെ സംഭാവന സ്വീകരിക്കാവുന്നത്, ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ 10 ദിവസം വീതമാണ് ബാങ്ക് കടപ്പത്രം നൽകുക, പൊതുതെരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധികസമയം അനുവദിക്കും, കമ്മീഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടിക്കു കടപ്പത്രം മാറ്റിയെടുക്കാനാവൂ, കടപ്പത്രത്തിലൂടെ ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനു ലഭ്യമാക്കണം, കടപ്പത്രത്തിൽ പേരില്ലെങ്കിലും അതു വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ വിവരങ്ങളുണ്ടാവും, ആര്, ഏതു പാർട്ടിക്കു സംഭാവന നൽകി എന്നതു മാത്രമാവും അറിയാൻ സാധിക്കുക ഇതൊക്കെയായിരുന്നു ഇലക്ടറൽ ബോണ്ട് പദ്ധതിയിലെ വ്യവസ്ഥകൾ.
2022-23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബി.ജെ.പി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമായിരുന്നു. കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങിലധികം തുകയാണ് ബി.ജെ.പി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ബി.ജെ.പി ആകെ നേടിയ പാർട്ടി ഫണ്ട് 2360.8 കോടി രൂപയാണ്. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെ വന്നതാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

2021-22 സാമ്പത്തിക വർഷം 1917 കോടിയാണ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത്. തൊട്ടടുത്ത വർഷം വലിയ വർധന വന്നു. പലിശയായി മാത്രം 237 കോടി രൂപ ലഭിച്ചു. പാർട്ടി പ്രചാരണങ്ങളുടെ ഭാഗമായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച വകയിൽ 78.2 കോടിയാണ് ചെലവ്. വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചവർക്ക് 76.5 കോടി രൂപയുടെ സഹായവും നൽകി. 

2021-22 ൽ ഇലക്ടറൽ ബോണ്ടുകളിലൂടെ കോൺഗ്രസ് സമാഹരിച്ചത് 236 കോടിയാണ്. ഇത് കഴിഞ്ഞ തവണ 171 കോടിയിലേക്ക് താഴ്ന്നു. പ്രാദേശിക പാർട്ടിയായ സമാജ്വാദി പാർട്ടിക്ക് 2021-22 ൽ ഇലക്ടറൽ ബോണ്ടുകളിലൂടെ 3.2 കോടി നേടാനായെങ്കിലും കഴിഞ്ഞ വർഷം ഈ ഇനത്തിൽ സംഭാവനകളൊന്നും നേടാനായില്ല. ഈ കണക്കുകളിൽനിന്ന് തന്നെ ഭരണ പാർട്ടിക്ക് ബോണ്ടുകൾ എത്രമാത്രം സഹായകമായി എന്ന് മനസ്സിലാക്കാം.

ജനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സുപ്രധാനമാണ്. കള്ളപ്പണം തടയുന്നതിന് ഇലക്ടറൽ ബോണ്ടുകൾക്കു പുറമെ മറ്റു മാർഗങ്ങളും ഉണ്ട്. കള്ളപ്പണം തടയാൻ എന്ന പേരിൽ വിവരാവകാശം തടസ്സപ്പെടുത്താൻ കഴിയില്ല. സംഭാവന നൽകുന്നവർക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകും എന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. 
ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സി.പി.എം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇലക്ടറൽ ബോണ്ടുകളുടെ രഹസ്യ സ്വഭാവം രാഷ്ട്രീയ ഫണ്ടിംഗിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടി.

ഭരണഘടന വിരുദ്ധവും വിവരാവകാശ നിയമത്തിന് എതിരുമായ സംഭാവന സ്വീകരണ പദ്ധതി റദ്ദാക്കിയതിലൂടെ സുപ്രീം കോടതി വ്യക്തമായ സന്ദേശമാണ് സർക്കാരിന് നൽകിയിരിക്കുന്നത്. ഇലക്ടറൽ ബോണ്ടിന് ആദ്യം എതിരായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് സർക്കാരിന്റെ വാദങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും വിവാദമായിരുന്നു. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിരുത് വ്യക്തമാണല്ലോ. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ സുപ്രീം കോടതിയുടെ ഈ മുന്നറിയിപ്പ് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടി തന്നെയാണ്. വലിയ കോർപറേറ്റ് കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകൾ പുറത്തു വരാനാണ് വഴിയൊരുങ്ങുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് ഇനി നടപടി വേണ്ടത്. അതിലേക്ക് നീങ്ങുമെന്ന് കോൺഗ്രസ് അടക്കം സൂചന നൽകുന്നുണ്ട്. 

Latest News