ഭോപാല്‍- കാണാതായ തന്റെ പശുവിനെ അന്വേഷിച്ചു ചെന്ന യുവാവിനെ ഗോശാല ഉടമയും കുടുംബാംഗങ്ങളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു കൈകള്‍ വെട്ടിമാറ്റി. മധ്യപ്രദേശിലെ റായ്‌സെനിലാണ് സംഭവം. പ്രേം നാരായണ്‍ സാഹു എന്ന 35കാരന്‍ കാണാതായ തന്റെ പശുവിനെ തേടി സട്ടു യാദവ് എന്നയാളുടെ ഗോശാലയിലെത്തിതാണ് തര്‍ക്കത്തിനിടയാക്കിയത്. സാഹുവിന്റെ പശുവിനെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. പശുവിനെ അന്വേഷിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. ഇതു പിന്നീട് അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ സട്ടു യാദവ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തന്റെ കുടുംബാംഗങ്ങളായ നാലു പേരുടെ സഹായത്തോടെ സാഹുവിനെ പൊതിരെ തല്ലുകയും ഒരു മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും വാളുപയോഗിച്ച് കൈകള്‍ വെട്ടിമാറ്റുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവം കണ്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. മര്‍ദനത്തിനിടെ സാഹു നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. പോലീസെത്തിയപ്പോഴേക്കും രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു സാഹു. ഒരു കൈ പൂര്‍ണമായും അറ്റു. ഒരു കൈ ഭാഗികമായും മുറിഞ്ഞിട്ടുണ്ട്. സാഹുവിനെ ഭോപാലിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസറ്റ് ചെയ്തു. പ്രതികളായ മറ്റു മൂന്ന് പേര്‍ ഒളിവിലാണ്. അഞ്ചംഗ കുടുംബത്തിനെതിരെ പോലീസ് കൊലപാതക ശ്രമക്കുറ്റം ചുമത്തി കേസെടുത്തു.






