ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വിഭജിക്കാന്‍ ശ്രമം നടക്കുന്നു; എല്ലാ മതക്കാരും ഒത്തൊരുമയോടെ ജീവിക്കുന്ന ഇന്ത്യയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്- ശശി തരൂര്‍

റിയാദ്- ഭാരതത്തെ ഹിന്ദുരാഷ്ട്രമായി വിഭജിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആത്മാവിന് വേണ്ടി നാം നിലകൊള്ളണമെന്നും എല്ലാ മതക്കാരും ഒത്തൊരുമയോടെ ജിവിക്കുന്ന ഭാരതമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. റിയാദ് തിരുവനന്തപുരം ഒഐസിസി ജില്ലാ കമ്മിറ്റിയുടെ പതിമൂന്നാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഖാദിയില്‍ നെയ്ത ഭാരതം എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പിന്റെയും ഭാരതത്തോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമായാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഖാദിക്ക് പ്രോത്സാഹനം നല്‍കിയത്. അത്തരം മഹത്തായ ചരിത്രമാണ് നമുക്കുള്ളത്. എല്ലാവരും ഒന്നിച്ചുജീവിക്കുന്ന ഭാരതമെന്ന ആശയമാണ് സ്വാതന്ത്ര്യം മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അന്നുമുണ്ടായിരുന്നു. അങ്ങനെ പാകിസ്ഥാനുണ്ടായി. എന്നാല്‍ മഹാത്മാഗാന്ധിയടക്കമുള്ളവര്‍ അതംഗീകരിക്കാതെ സ്വതന്ത്രഭാരതമുണ്ടാക്കി. മത, ഭാഷ, ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു ജീവിക്കുന്ന ഭാരതമാണ് അവര്‍ വിഭാവനം ചെയ്തത്. മതേതരത്വ ഭരണഘടനയുണ്ടായി. സ്വന്തം മതം പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കുമുള്ള വകാശം ഭരണഘടന ഉറപ്പുനല്‍കുന്നു.


കഴിഞ്ഞ പത്ത് വര്‍ഷമായി അതില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി വിഭജിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രം ശരിയായ രീതിയില്‍ മനസ്സിലാക്കിയാല്‍ പണ്ട് മുതലേ നാം ഒന്നിച്ചാണ് ജീവിച്ചതെന്ന് മനസ്സിലാകും. ജൂതനും ക്രിസ്ത്യനും പിന്നെ മുസ്ലിംകളും കേരളത്തിലേക്ക് വന്നതും എല്ലാവരും ഒന്നിച്ചുജീവിച്ചതുമാണ് നമ്മുടെ ചരിത്രം. ഇസ്ലാം വന്നത് വാളെടുത്തിട്ടാണ് എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ അറേബ്യയില്‍ നബിയുടെ ആഗമനത്തിന് മുമ്പേ അറബികള്‍ക്ക് കേരളവുമായി വ്യാപാരബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ് കേരളത്തിലേക്ക് ഇസ്ലാമിനെ കൊണ്ടുവന്നത്. ഇവിടെയുണ്ടായിരുന്ന രാജാക്കന്മാര്‍ അവരെ ഇരുകയ്യോടെ സ്വീകരിച്ചു. നിസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യം നല്‍കി. അങ്ങനെയാണ് കേരളത്തിലടക്കം മസ്ജിദുകളുണ്ടായത്.  ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. തരൂര്‍ പറഞ്ഞു.
എക്‌സിറ്റ് 32 നൗറാസ് ഓഡിറ്റോറിയത്തില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. റിയാദ് തിരുവനന്തപുരം ഒഐസിസി ജില്ല പ്രസിഡന്റ് വിന്‍സെന്റ് കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ ബാഹസന്‍, നിഷാദ് ആലംകോട്, റാസി കോരാണി, സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപ്പളളി, നൗഫല്‍ പാലക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് റിയാദിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് തരൂരുമായി സംവദിക്കാനെത്തിയത്.

Tags

Latest News