ലണ്ടന്‍- ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ 30 വര്‍ഷം സുരക്ഷിതമായി കഴിഞ്ഞ ഇന്ത്യന്‍ വംശജന്‍ ഒടുവില്‍ കുടുങ്ങി. കൊല ചെയ്യപ്പെട്ട ലൈംഗിക തൊഴിലാളിയുടെ മോതിരത്തില്‍ കുടുങ്ങിയ മുടിയും, രക്തപങ്കിലമായ ഒരു കാല്‍പാദത്തിന്റെ പ്രിന്റും തമ്മില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലയാളി കുടുങ്ങിയത്. ഷെര്‍ലക് ഹോംസ് കഥകളിലെ സാങ്കല്‍പ്പിക വീടിന് സമീപം മേരില്‍ബോണ്‍ ചില്‍ടേണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റിലാണ് 39-കാരി മാരിനാ കോപ്പലിനെ ഭര്‍ത്താവ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 1994 ആഗസ്റ്റ് 8-നായിരുന്നു സംഭവം.
ആ സമയത്ത് 21 വയസ്സ് ഉണ്ടായിരുന്ന സന്ദീപ് പട്ടേല്‍ ആയിരുന്നു കൃത്യത്തിനു പിന്നില്‍. ന്യൂസ്ഏജന്റായ പിതാവിന് വേണ്ടി സന്ദീപ് പട്ടേല്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയിലാണ് കോപ്പലിനെ ഗുരുതരമായ അക്രമത്തില്‍ 140 തവണയിലേറെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം അടുക്കളയിലെ കാരിയര്‍ ബാഗില്‍ വിരലടയാളങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയായി കണക്കാക്കിയിരുന്നില്ല.
2022 വരെ സന്ദീപ് പട്ടേല്‍ രക്ഷപ്പെട്ട് നിന്നു. എന്നാല്‍ ആ വര്‍ഷം നടന്ന റിവ്യൂവിലാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കോപ്പെലിന്റെ മോതിരത്തില്‍ കുടുങ്ങിയ മുടിയിഴയും, പട്ടേലിന്റെ ഡിഎന്‍എയും മാച്ച് ചെയ്തതോടെയാണ് കേസുമായി ഇയാളെ ബന്ധപ്പെടുത്തുന്നത്. അപ്പാര്‍ട്ട്മെന്റിലെ സ്‌കേര്‍ട്ടിംഗ് ബോര്‍ഡില്‍ കണ്ടെത്തിയ രക്തപങ്കിലമായ കാല്‍പാദത്തിന്റെ പ്രിന്റും ഇതുമായി ഒത്തുചേര്‍ന്നു.ഇപ്പോള്‍ 51 വയസുകാരനായ പട്ടേല്‍ കോടതിയില്‍ തെറ്റുകള്‍ നിഷേധിച്ചെങ്കിലും ഓള്‍ഡ് ബെയ്ലി ജൂറി ഇയാളെ കുറ്റക്കാരനായി സ്ഥിരീകരിച്ചു. ജീവപര്യന്തം ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്.