ടെക്‌സാസ്- അമേരിക്കയിലെ ടെക്‌സാസില്‍ വടക്കുകിഴക്കന്‍ ഹാരിസ് കൗണ്ടിയില്‍ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ യുവാവിനെ 14 വയസ്സുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തി. ബ്രൗണ്‍സ്‌വില്ലെ സ്ട്രീറ്റിലെ 14400 ബ്ലോക്കില്‍ രാവിലെയാണ് സംഭവം.
വീടിന്റെ മുന്‍വശത്ത് ഒരാളെ വെടിവച്ച് കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കവര്‍ച്ച ലക്ഷ്യമിട്ട് എത്തിയെന്ന് കരുതുന്ന യുവാവ് കയ്യുറ ധരിച്ചിരുന്നു. ബാക്ക്പാക്കും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
വസതിക്കുള്ളില്‍ നിന്ന് 14 കാരന്‍ തോക്കില്‍ നിന്ന് ആറ് വെടിയുതിര്‍ത്തുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സഹോദരങ്ങളെ സ്‌കൂളില്‍ വിടാന്‍ പോയതായിരുന്നു.
പ്രദേശത്ത് ഭവന രഹിതനായ യുവാവാണ് കൊല്ലപ്പെട്ടതെന്ന് ഹോംലെസ് ഔട്ട്‌റീച്ച് പറയുന്നു. വെടിവെപ്പുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനാല്‍ നിയമപാലകര്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്.