Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരണമെത്തുംമുമ്പേ ഓടിയെത്തി അവര്‍ 18 കാരനെ രക്ഷിച്ചു

വടകര-ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യക്ക് ഒരുങ്ങിയ 18 കാരനെ പോലീസ് അവസരോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തനായി. കഴിഞ്ഞ ദിവസം നട്ടുച്ചക്കാണ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ സതീശന്‍ എന്ന പോലീസുകാരന്‍ ചോമ്പാല പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ഒരു പതിനെട്ടുകാരനെ കാണാതായതായും അവന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മാഹി ഭാഗത്താണ് കാണിക്കുന്നതെന്നും അറിയിച്ചത്.

ചോമ്പാല സ്‌റ്റേഷന്‍ ജീപ്പ്  അഴിയൂര്‍ ഭാഗത്ത് നേഷണല്‍ ഹൈവേയില്‍ പട്രോളിംഗിലായിരുന്നു. അടുത്ത നിമിഷം തന്നെ സ്‌റ്റേഷനില്‍നിന്ന് ജീപ്പില്‍
ഡ്യൂട്ടിയിലുള്ള എസ്.ഐ പ്രശോഭിനെ വിവരമറിയിച്ചു. കൂടെയുള്ള പോലീസുകാരായ ചിത്രദാസിന്റെയും, സജിത്തിന്റെയും ഫോണിലേക്ക് കാണാതായ കുട്ടിയുടെ ഫോട്ടോയും വാട്‌സാപ്പ് വഴി അയച്ചു.

ഫോട്ടോയിലെ കുട്ടിയെയും തിരഞ്ഞ് മാഹി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ അവര്‍ സ്‌റ്റേഷനിലെ പരിചിതര്‍ക്ക് കുട്ടിയുടെ ഫോട്ടോ കാണിക്കുന്നതിനിടയില്‍ വടക്ക് ഭാഗത്തുനിന്ന് ചൂളം വിളിച്ചു കൊണ്ട് ട്രെയിന്‍ വരുന്നുണ്ടായിരുന്നു.അപ്പോഴാണ് ഒരാള്‍ റെയില്‍പാളത്തിലേക്ക് ഓടിപ്പോകുന്നത് ശ്രദ്ധയില്‍ പെട്ടത്.
പോലീസുകാര്‍ പിന്നാലെ കുതിച്ചു. വിസിലടിച്ചും, ബഹളം വെച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചെങ്കിലും പോലീസ് ഓടിക്കുന്നയാള്‍ കള്ളനോ, കഞ്ചാവ് കടത്തുകാരനോ  മറ്റോ ആയിരിക്കുമെന്ന മുന്‍വിധി കാരണമാകാം ആരും കുട്ടിയെ പിടിക്കാന്‍ തയ്യാറായില്ല.

റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ പോലീസ് ഓടി വരുന്നത് കണ്ട് കുട്ടിയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പൊതുവെ, ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് കുറവായ മാഹി റെയില്‍വേ സ്‌റ്റേഷനില്‍ പക്ഷെ ആ ട്രെയിനിനു സ്‌റ്റോപ്പ് ഉണ്ടായിരുന്നു. ട്രെയിന്‍ മാഹി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ ആ ഒന്നോ, രണ്ടോ മിനുട്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് ധാരാളമായിരുന്നു.

കരിങ്കല്‍ കഷണങ്ങള്‍ നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ഓടി തങ്ങള്‍ ധരിച്ച ഷൂസുകള്‍ കീറി കാല്‍ വേദനിച്ചെങ്കിലും ട്രെയിന്‍ എത്തും മുന്‍പേ കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ച്  ട്രാക്കില്‍നിന്ന് മാറ്റാന്‍ കഴിഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് ജീവനൊടുക്കിയ സഹോദരിയുടെയും, അതിനും കുറച്ചു മുന്‍പ് അകാലത്തില്‍ പൊലിഞ്ഞുപോയ അച്ഛന്റെയും വേര്‍പാടും, മറ്റ് അസ്വസ്ഥമായ സാഹചര്യങ്ങളും ഒരു നിഷ്‌കളങ്ക കൗമാരത്തിന് ആത്മഹത്യയെ പറ്റി ചിന്തിക്കാന്‍ മതിയായ കാരണമാകാം.

ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതിയും അസ്വസ്ഥത ഉണ്ടാക്കുന്നവരോട് കലഹിച്ചും ജീവിതവിജയം നേടിയവരുടെ കഥകള്‍ പറഞ്ഞുകൊടുത്തു കൊണ്ടാണ് പോലീസ് പതിനെട്ടുകാരനെ ബന്ധുക്കളെ ഏല്‍പ്പിച്ചത്. അവനെ ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചു കൂട്ടിക്കൊണ്ടുവരുമ്പോള്‍ അടുത്ത ട്രാക്കിലൂടെ ചൂളം വിളിച്ചു കൊണ്ട് മംഗലാപുരം-കോയമ്പത്തൂര്‍ ട്രെയിന്‍ കടന്നു പോകുന്നുണ്ടായിരുന്നു. മരണമെത്തും മുമ്പേ ഓടിയെത്തിയ പോലീസുകാരുടെ ധീര പ്രവര്‍ത്തനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Latest News