സൗദിയില്‍ വ്യാപക പരിശോധനക്ക് സാധ്യത

റിയാദ്- ഈ മാസം 11 മുതല്‍ (മുഹറം ഒന്ന്) 12 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന സൗദി അറേബ്യയില്‍ വ്യാപക തൊഴില്‍ പരിശോധനക്ക് സാധ്യത.
 
പ്രധാനമായും റീട്ടെയില്‍ ഷോപ്പുകള്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പുതിയ സൗദിവല്‍ക്കരണം നടപ്പിലായതായി തുടക്കത്തില്‍ തന്നെ ഉറപ്പുവരുത്തുകയാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലക്ഷ്യം. വിവിധ മേഖലകളില്‍ പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനകളുടെ മേല്‍നോട്ടം വഹിക്കുന്നതിന് 200 ഉദ്യോഗസ്ഥര്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി.
 

 
തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പരിശോധനാ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും പരിശീലനം നല്‍കിയവരില്‍ നിരവധി വനിതാ ഉദ്യോഗസ്ഥരുമുണ്ട്. റീട്ടെയില്‍ മേഖലയിലെ സ്വദേശിവല്‍ക്കരണം സുഗമമാക്കുന്നതിന് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. റീട്ടെയില്‍ ഷോപ്പുകളില്‍ സൗദി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീക്കിവെക്കെണ്ട സെയില്‍സ് ജോലികള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി നിര്‍ണയിച്ചതായും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 
 
വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് മുഹറം ഒന്ന് മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ ജനുവരി 28 നാണ് തൊഴില്‍മന്ത്രി 12 മേഖലയിലെ സെയില്‍സ് ഔട്ട്ലെറ്റുകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വ്യാപാരികളില്‍നിന്നുള്ള ആവശ്യത്തെ തുടര്‍ന്ന് 70 ശതമാനമാക്കി ചുരുക്കി.

മൊത്തമായും ചില്ലറയായും സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഷോറൂമുകളും സൂഖുകളും സ്റ്റാളുകളും സെയില്‍സ് ഔട്ട്ലെറ്റുകളുടെ പരിധിയില്‍ വരും.
പുരുഷന്‍മാരുടെയും കുട്ടികളുടെയും തുണിത്തരങ്ങള്‍, സ്പോര്‍ട്സ് വസ്ത്രം, സൈനിക യൂണിഫോമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മശാലിഹ്, അബായ, ബ്രാ, ടൈ, സോക്സ്, തസ്ബീഹ് മാലകള്‍, രോമ വസ്ത്രങ്ങള്‍, കുടകള്‍, ബെല്‍റ്റ്, പാദരക്ഷകള്‍, സ്പോര്‍ട് ഷൂ, സുഗന്ധ ദ്രവ്യങ്ങള്‍, സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ശിമാഗ്, ഒമാനി തൊപ്പി, വലിയ കടകളിലായി ഒരു കുടക്കീഴില്‍ ചില്ലറ വില്‍പന നടത്തുന്ന വസ്ത്രങ്ങളും പാദരക്ഷകളും, തുകല്‍ ഉല്‍പന്നങ്ങളും സുഗന്ധദ്രവ്യങ്ങളും, പെട്ടികള്‍ എന്നിവയാണ് വസ്ത്രങ്ങളുടെ ഇനത്തില്‍ വരുന്നത്.

ആംബുലന്‍സ്, ബസ്, നാലു ചക്രവാഹനങ്ങള്‍, ട്രെയ്ലര്‍, മോട്ടോര്‍ ബൈക്കുകള്‍, ആവി എഞ്ചിനുകളുള്ള ചെറിയ വാഹനങ്ങള്‍ എന്നിവയുടെ വില്‍പന, കമ്മീഷന്‍ അടിസ്ഥാനത്തില്‍ വാഹന വില്‍പന, ഹറാജുകളിലെ കാര്‍ ലേലം എന്നിവയാണ് വാഹന ഷോറൂമുകളുടെ പരിധിയില്‍ വരുന്നത്. വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചര്‍, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയാണ് ഫര്‍ണിച്ചര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുക്കളയിലുപയോഗിക്കുന്ന എല്ലാവിധ പാത്രങ്ങളും, കത്തികള്‍, സ്പൂണ്‍ അടക്കമുള്ള അനുബന്ധ ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സെറാമിക്, ഗ്ലാസ് പാത്രങ്ങള്‍ തുടങ്ങിയവ പാത്രങ്ങളുടെ ഇനങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇവക്കുള്ള കോഡ് നമ്പറുകളും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ സെയില്‍സ് ഔട്ട്ലെറ്റുകള്‍ റബീഉല്‍ അവ്വല്‍ ഒന്നിനും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് എന്നിവയുടെ ഔട്ട്ലെറ്റുകള്‍ ജുമാദല്‍ ഊല ഒന്നിനും സ്വദേശിവല്‍ക്കരണ വ്യവസ്ഥയുടെ പരിധിയില്‍ വരും.

Latest News