മലയാളി കുടുംബത്തിന്റെ മരണം: ആനന്ദ് ഭാര്യയെ  കൊന്ന് ആത്മഹത്യ ചെയ്തു- യു.എസിലെ പോലീസ്  

ലോസ് ഏഞ്ചല്‍സ്-  കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോ നഗരത്തില്‍ മരിച്ച നാല് പേരെയും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് സാന്‍ മറ്റെയോ പോലീസ് വ്യക്തമാക്കി. ഭര്‍ത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. അതിനിടെ, ആനന്ദിന്റെ സഹോദരന്‍ വിദേശത്ത് നിന്ന് കാലിഫോര്‍ണിയയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

Latest News