കേരളത്തിൻ്റെ കടമെടുപ്പ് പരിധി: ചർച്ച പരാജയം

ന്യൂദൽഹി- കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേന്ദ്ര സർക്കാറുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം. 
ചർച്ചയിൽ വിചാരിച്ചത്ര മെച്ചമുണ്ടായില്ലെന്നും കേന്ദ്രത്തിൽനിന്ന് പോസിറ്റീവായ സമീപനമുണ്ടായില്ലെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ദൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചർച്ചക്ക് എത്തിയിരുന്നില്ല.
പ്രധാനപ്പെട്ട പല കാര്യങ്ങളിലും കേസ് നിലനിൽക്കുമ്പൾ എങ്ങനെ ചർച്ച ചെയ്യുമെന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 
സംസ്ഥാനത്തിന് അതംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും എല്ലാ കാര്യങ്ങളും അടിയറവ് വെച്ചതിന് ശേഷം പരിഹരിക്കാൻ പറ്റില്ലെന്നും ബാലഗോപാൽ പറഞ്ഞു. ഈ സമീപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് തങ്ങൾ ചർച്ച അവസാനിപ്പിച്ചത്. കേരളത്തിന് ഏറ്റവും അത്യവശ്യമായി വേണ്ട കാര്യങ്ങൾ നിവേദനമായി സമർപ്പിച്ചിട്ടുണ്ട്. ചർച്ചയെത്തുടർന്ന് കേന്ദ്രം നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. സാധാരണ ഗതിയിൽ സംസ്ഥാന സർക്കാറിന് ലഭിക്കേണ്ടതും അർഹമായതുമായ കാര്യങ്ങൾ ഇതിന്റെ പേരിൽ തടസ്സപ്പെടുത്തുന്ന അവസ്ഥയുണ്ടാകരുതെന്നും ധനമന്ത്രി പറഞ്ഞു.  
ഇന്ന് കേന്ദ്ര, സംസ്ഥാന ധനകാര്യ സെക്രട്ടറിമാർ തമ്മിൽ ചില കാര്യങ്ങളിൽ ചർച്ച നടത്തും. സംസ്ഥാനത്തിന് നൽകിയ ഫണ്ടുകളുമായി ബന്ധപ്പെട്ട വിഷയത്തിലെ കണക്കുകൂട്ടലുൾ സംബന്ധിച്ച തർക്കങ്ങളാണ് സെക്രട്ടറി തല ചർച്ചയിൽ നടക്കുകയെന്നും ബാലഗോപാൽ പറഞ്ഞു.
ഇന്നലെ വൈകുന്നേരം നാലരക്ക് നടന്ന ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് ധന മന്ത്രി കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, സംസ്ഥാന അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരും കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ആൻഡ് സെക്രട്ടറി എക്‌സ്‌പെൻഡിച്ചർ ഡോ. ഡോ. ടി.വി. സോമനാഥൻ, അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ, അഡീഷണൽ സെക്രട്ടറി സജ്ജൻ സിംഗ് യാദവ്, ജോയന്റ് സെക്രട്ടറി അമിത സിംഗ് നേഗി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം കേരളം നൽകിയ ഹരജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയാണ് വിഷയത്തിൽ സംസ്ഥാന സർക്കാറും കേന്ദ്രവും തമ്മിൽ ചർച്ച നടത്തികൂടെയെന്ന നിർദേശം മുന്നോട്ടുവെച്ചത്. 
വിഷയത്തിൽ ഇരു കക്ഷികളും ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ചർച്ചക്ക് കളമൊരുങ്ങിയത്. കേസ് ഈ മാസം 19ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. 

Tags

Latest News