Sorry, you need to enable JavaScript to visit this website.

വ്യാജ എൻജിൻ ഓയിൽ നിർമാണം: റിയാദിൽ പ്രവാസി അറസ്റ്റിൽ

റിയാദ് - വ്യാജ എൻജിൻ ഓയിലുകൾ നിർമിച്ച് വിൽപന നടത്തിയ പ്രവാസിയെ റിയാദിൽ പിടികൂടി. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ഉറവിടമറിയാത്തതും പഴയതുമായ എൻജിൻ ഓയിലുകൾ ശേഖരിച്ച് പുതിയ ബോട്ടിലുകളിൽ നിറച്ച് അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള സ്റ്റിക്കറുകൾ പതിച്ച് വിൽക്കുകയാണ് ചെയ്തിരുന്നത്. സുരക്ഷാ വകുപ്പുകളും വാണിജ്യ മന്ത്രാലയവും ശുമൈസി ബലദിയയും ശുമൈസി ബലദിയയിലെ ഹൗസിംഗ് കമ്മിറ്റിയും മാനവശേഷി, സാമൂഹിക വികസന നിധിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. 

സെയിൽസ്മാൻ വഴിയാണ് ഉറവിടമറിയാത്തതും പഴയതുമായ എൻജിൻ ഓയിലുകൾ തനിക്ക് ലഭിക്കുന്നതെന്നും ഇവ പിന്നീട് പുതിയ ബോട്ടിലുകളിൽ നിറച്ച് സ്റ്റിക്കറുകൾ പതിച്ച് വിൽക്കുകയാണ് താൻ ചെയ്യുന്നതെന്നും ഇയാൾ പറഞ്ഞു. വ്യാജ എൻജിൻ ഓയിലുകൾ നിറക്കാൻ ഉപയോഗിക്കുന്ന ബോട്ടിലുകളുടെ വൻ ശേഖരവും വിൽപനക്ക് തയാറാക്കിയ എൻജിൻ ഓയിൽ ശേഖരവും കണ്ടെത്തി. അനധികൃത കേന്ദ്രം അധികൃതർ അടപ്പിച്ചു. അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അൽഇഖ്ബാരിയ ചാനൽ സംപ്രേക്ഷണം ചെയ്തു.
 

Latest News