മുംബൈ- ബാബരി മസ്ജിദ് പൊളിക്കാൻ കർസേവകർക്ക് നേതൃത്വം നൽകി, ബാബരി മസ്ജിദിന്റെ താഴികക്കുടത്തിൽ കയറി നൃത്തം ചെയ്തയാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് ബി.ജെ.പി. മഹാരാഷ്ട്രയിൽനിന്നാണ് ഡോ. അജിത് ഗോപ്ചഡെയെ പ്രഖ്യാപിച്ചത്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് താഴികക്കുടത്തിൽനിന്ന് നൃത്തം ചെയ്തയാളാണ് അജിത് ഗോപ്ചഡെ. ഇദ്ദേഹത്തിന് പുറമെ, മുൻ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാൻ, മുൻ എം.എൽ.എ മേധാ കുൽക്കർണി എന്നിവരെയും ബി.ജെ.പി രാജ്യസഭയിലേക്ക് പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ ചേർന്ന് ഒരു ദിവസത്തിനകമാണ് അശോക് ചവാനെ രാജ്യസഭയിലേക്ക് ബി.ജെ.പി പരിഗണിച്ചത്.
അതേസമയം, അജിത് ഗോപ്ചഡെയുടെ സ്ഥാനാർത്ഥിത്വം വലിയ ആശ്ചര്യമാണ് സൃഷ്ടിച്ചത്. നന്ദേഡ് ജില്ലയിൽ നിന്നുള്ള ഡോക്ടറായ ഗോപ്ചഡെ ആർ.എസ്.എസുമായി ദീർഘകാല ബന്ധമുണ്ട്. 1992ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ അജിത് ഗോപ്ചഡെ അയോധ്യയിൽ കർസേവക്കായി പുറപ്പെട്ടു. മഹാരാഷ്ട്ര ബി.ജെ.പി ഡോക്‌ടേഴ്‌സ് സെല്ലിന്റെ തലവനാണ് ഗോപ്ചഡെ. ജി20 ഉച്ചകോടി പരിപാടികൾക്കായുള്ള പാർട്ടി കമ്മിറ്റിയിലും അജിത് ഗോപ്ചഡെയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 മെയിൽ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ഗോപ്ചാഡെയെ ശുപാർശ ചെയ്തിരുന്നു. ഗോപ്ചാഡെ നാമനിർദ്ദേശ പത്രികയും സമർപ്പിച്ചിരുന്നു, എന്നാൽ പതിനൊന്നാം മണിക്കൂറിൽ പാർട്ടി തീരുമാനം മാറ്റി. അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെയും മകൾ പങ്കജ മുണ്ടെയുടെയും വിശ്വസ്തനായ രമേഷ് കരാഡിന് വേണ്ടി സ്ഥാനാർത്ഥിത്വം മാറ്റി.
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിലൂടെ, ഗോപ്ചഡെയുടെ സംഭാവനകളെ അംഗീകരിക്കുകയും അദ്ദേഹം ഉൾപ്പെടുന്ന ലിംഗായത്ത് സമുദായത്തിന് മികച്ച സന്ദേശം നൽകുകയും ചെയ്തു. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിലൂടെ മഹാരാഷ്ട്രയിലെ ലിംഗായത്ത് സമുദായത്തെ പാട്ടിലാക്കാനാണ് ബി.ജെ.പി നീക്കം.