യാമ്പു പുഷ്പമേള തുടങ്ങി; 24 ദിവസം നീളുന്ന മേളയില്‍ മനോഹര കാഴ്ചകള്‍

യാമ്പു-സൗദി അറേബ്യയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവില്‍ തുടക്കമായി. മാര്‍ച്ച് ഒമ്പതു വരെ തടുരുന്ന  പുഷ്പമേളയോട് അനുബന്ധിച്ച് ആകര്‍ഷകമായ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. യാമ്പു  വ്യാവസായിക നഗരത്തിലെ ജിദ്ദ ഹൈവേയോടു ചേര്‍ന്നുള്ള അല്‍ മുനാസബാത്ത് ഇവന്റ്‌സ് പാര്‍ക്കിലാണ് ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഫഌവര്‍ ഫെസ്റ്റ്.  കലാ, സാംസ്‌കാരിക, വിനോദ പരിപാടികള്‍ മേളയിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പുഷ്പപരവതാനി എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കാറുള്ളതാണ് യാമ്പു ഫഌവര്‍ ഫെസ്റ്റ്.
പൂക്കളമൊരുക്കല്‍, പൂന്തോട്ടപരിപാലന സേവനങ്ങള്‍, വീട്ടിലെ ഉദ്യാന നടീലും പരിപാലനവും, പക്ഷി, ചിത്രശലഭ ഉദ്യാനങ്ങള്‍, സ്‌ട്രോബെറി തോട്ടങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, നഴ്‌സറി ഉല്‍പന്നങ്ങള്‍, അനുബന്ധ മേഖലകളില്‍ വിദഗ്ധരായ കമ്പനികള്‍, പുനരുപയോഗം ചെയ്യുന്ന പൂന്തോട്ടത്തിനൊപ്പം, പുനരുത്പ്പാദന, പുനരുപയോഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാര്‍ഷിക നൂതന ആശയ പദ്ധതികളും മേളയിലുണ്ട്. പ്രാദേശിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍, പലതരം വിഭവങ്ങളുടെ ശേഖരങ്ങളുമായി ഫുഡ് കോര്‍ട്ടുകള്‍. കലാസംഘങ്ങളുടെ പരിപാടികള്‍, കുട്ടികള്‍ക്കുള്ള വിവിധ പഠന ശില്‍പശാലകള്‍, കരിമരുന്ന് പ്രകടനങ്ങള്‍ ഒപ്പം എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വിവിധ സംവിധാനങ്ങള്‍ ഇത്തവണത്തെ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

വിശ്രമകേന്ദ്രങ്ങള്‍, നമസ്‌കാര സ്ഥലം, വിശാലമായ വാഹന പാര്‍ക്കിങ് എന്നിവയും നഗരിയില്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീതസാന്ദ്രമായ പുഷ്‌പോത്സവ ഉദ്യാനം   വൈദ്യുത ദീപലങ്കാരങ്ങള്‍ വര്‍ണ്ണകാഴ്ച നല്‍കുന്നു. ദിവസവും രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ രാത്രി 12.30 വരെയുമാണ് പ്രവേശനം.
https://yanbuflowerfestival.com.sa/en എന്ന ലിങ്കില്‍നിന്ന് 11.50 റിയാല്‍ നിരക്കില്‍  ടിക്കറ്റ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ.് മേളയുടെ എല്ലാ ദിവസങ്ങളിലും സന്ദര്‍ശനം നടത്താന്‍ ഒരു തവണയെടുക്കുന്ന പ്രവേശന പാസ് മതിയാകും.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവാസി സംഘടനകള്‍ മലയാളികളടക്കമുള്ള കുടുംബങ്ങള്‍ക്കായി യാമ്പു ടൂര്‍ സംഘടിപ്പിക്കാറുണ്ട്.

 

Latest News