Sorry, you need to enable JavaScript to visit this website.

അർബുദ രോഗിയെ അടക്കം ലൈംഗീകമായി പീഡിപ്പിച്ചു, ബ്രിട്ടനിൽ ഇന്ത്യൻ ഡോക്ടർ കുറ്റക്കാരൻ

ലണ്ടൻ- ചികിത്സ തേടിയെത്തിയ അർബുദ രോഗിയെ അടക്കം മൂന്നു സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ കുടുംബ ഡോക്ടർ കുറ്റക്കാരനാണെന്ന്  പോർട്ട്‌സ്മൗത്ത് ക്രൗൺ കോടതി വിധിച്ചു. ഇയാൾക്കുള്ള ശിക്ഷ ഏപ്രിൽ 12ന് വിധിക്കും. 47 കാരനായ മോഹൻ ബാബു എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഹാംഷെയറിലെ ഹവാന്റിലുള്ള സ്റ്റാന്റൺ സർജറി ക്ലിനിക്കിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 2019 സെപ്റ്റംബറിനും 2021 ജൂലൈയ്ക്കും ഇടയിലാണ് ലൈംഗികാതിക്രമങ്ങൾ നടന്നതെന്നും ഏറ്റവും പ്രായം കുറഞ്ഞ ഇര 19 വയസ്സുള്ള സ്ത്രീയാണെന്നും കോടതി പറഞ്ഞു. രോഗികളെ അനുചിതമായി സ്പർശിക്കുകയും വിചിത്രമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി പരാതികൾ ബാബുവിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് വിചാരണ വേളയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. ക്ലിനിക്കിലെ റിസപ്ഷനിസ്റ്റ് ഉൾപ്പെടെ അഞ്ച് സ്ത്രീകൾ ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അവരുടെ പരാതികളിൽ ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടില്ല.

2018 ഏപ്രിലിലാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. ദുർബലരായ സ്ത്രീകളായിരുന്നു ഇയാളുടെ ഇര. 2019 ഓഗസ്റ്റിലാണ് ഇയാൾക്കെതിരെ ആദ്യത്തെ പരാതി വന്നത്. ആവശ്യമില്ലാത്ത പരിശോധനകൾ നടത്തിയും അനുചിതമായ കാര്യങ്ങൾ പറഞ്ഞും ഇയാൾ രോഗികളെ ഉപദ്രവിച്ചു. നിരവധി കോണുകളിൽനിന്ന് പരാതി ഉയർന്നതിനെ തുടർന്ന് 2021 ജൂലൈയിൽ  ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.
 

Latest News