Sorry, you need to enable JavaScript to visit this website.

വയനാട്ടിലെ മനുഷ്യ- വന്യമൃഗ സംഘര്‍ഷം: സി. സി. എഫ് റാങ്കിലുള്ള സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും

കല്‍പറ്റ- വര്‍ധിച്ച മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. വന്യജീവി ആക്രമണണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്  ഉദ്യോഗസ്ഥരും വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്. 

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും  11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ നടപടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ സാന്നിധ്യം മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ചിന്തിക്കേണ്ടത്. വനം വകുപ്പിനു വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തും. വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിംഗ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ തോട്ടങ്ങളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നത് കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുമായി ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതി രൂപീകരിക്കും. ജനവാസ മേഖലകളില്‍ വന്യജീവി വന്നാല്‍ കൈകാര്യം ചെയ്യേണ്ടവിധം അതിവേഗം തീരുമാനിക്കുന്നതിനു കലക്ടര്‍ക്കു അധികാരം ഉപയോഗിക്കാം. 

ജനങ്ങള്‍ക്ക് രക്ഷ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. ഫെന്‍സിംഗ് ഉള്ള പ്രദേശങ്ങളിലെ നിരീക്ഷണത്തിനു വാര്‍ഡ് അംഗം ഉള്‍പ്പെടുന്ന പ്രാദേശിക സമിതി രൂപീകരിക്കും. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനംവകുപ്പില്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കും. 

വന്യമൃഗ ആക്രമണത്തെത്തുര്‍ന്നു സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കു സഹായം നല്‍കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ, പോലീസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മൂന്നു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാര്‍ റൂം സജ്ജമാക്കണം. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ യോഗങ്ങള്‍ കൃത്യമായി ചേരണം. തോട്ടങ്ങളിലെ അടിക്കാട് നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ തോട്ടം ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം. 

വനത്തില്‍ വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ സുലഭമാക്കുന്നതിനു നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കണം. ഇതിന്റെ ഭാഗമായി അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന പൂര്‍ണമായും നീക്കം ചെയ്യാന്‍ പദ്ധതി വനം വകുപ്പ് ആവിഷ്‌കരിക്കണം. ആര്‍. ആര്‍. ടികള്‍ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. 

ജനങ്ങളെ ജാഗ്രതയിലാക്കുന്നതിനു റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, സമൂഹമാധ്യമങ്ങള്‍  എന്നിവ ഉപയോഗിക്കണം. കിടങ്ങ്, വേലി എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ പ്രവൃത്തി വേഗം നടത്തണം. കുരങ്ങുകളുടെ എണ്ണപ്പെരുപ്പം തടയാന്‍ നടപടി സ്വീകരിക്കണം. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിനു സൂത്രപ്പണി നടത്തുന്ന റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ ജില്ലാ കലക്ടര്‍ നടപടിയെടുക്കണം. 

രാത്രി വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡി. ജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രി പട്രോളിംഗ് ശക്തിപ്പെടുത്തണം. സ്വാഭാവിക വനവത്കരണം നടത്തണം. വനത്തിലെ തരിശുകളില്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ എ. കെ. ശശീന്ദ്രന്‍, കെ. രാജന്‍, എം. എല്‍. എമാരായ ഒ. ആര്‍. കേളു, ടി. സിദ്ദീഖ്, ഐ. സി. ബാലകൃഷ്ണന്‍, വനം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, വനം മേധാവി ഗംഗാ സിംഗ്, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, നിയമ സെക്രട്ടറി കെ. ജി. സനല്‍കുമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, വയനാട്  കലക്ടര്‍ ഡോ. രേണുരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

Latest News