Sorry, you need to enable JavaScript to visit this website.

ദേശീയ തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണം; തൃശൂര്‍ അതിരൂപത സമുദായ ജാഗ്രതാ സമ്മേളനം നടത്തുന്നു

തൃശൂര്‍  -   ക്രൈസ്തവ സഭയും സമുദായവും നേരിടുന്ന ആശങ്കകളും വേദനകളും രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ തൃശൂര്‍ അതിരൂപത സമുദായ ജാഗ്രതാ സമ്മേളനം നടത്തുന്നു. 25ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ സെന്റ് തോമസ് കോലെ മാര്‍ കുണ്ടുകുളം നഗറില്‍ നടക്കുന്ന സമുദായ ജാഗ്രത സമ്മേളനത്തില്‍ ബിഷപ്പുമാരും സമുദായ നേതാക്കളും ഇടവക പ്രതിനിധികളും തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. 

രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ദേശീയ പൊതു തെരഞ്ഞെടുപ്പിനെ എങ്ങനെ ജാഗ്രതാപൂര്‍വം സമീപിക്കണം എന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.  

രാജ്യത്തെമ്പാടും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയും, അവരുടെ സ്ഥാപനങ്ങള്‍ക്കു  നേരെയുമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷ സമൂഹമായി എന്നതുകൊണ്ട് മാത്രം സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി മാറിയിരിക്കയാണിപ്പോള്‍. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചുള്ള പ്രീണന രാഷ്ട്രീയ തന്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുക മാത്രമാണ് ചെയ്യുന്നത്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങളായി. എന്നിട്ടും അത് പ്രസിദ്ധീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അതിരൂപത പള്ളികളിലേക്ക് മറ്റും അയച്ച കുറിപ്പിൽ  പറയുന്നു 

സമുദായ ജാഗ്രതാ സമ്മേളനത്തില്‍ ബിഷപ്പുമാരും സമുദായ നേതാക്കളും, വൈദികര്‍, കൈക്കാരന്‍മാര്‍, പ്രതിനിധിയോഗ സെക്രട്ടറി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, മതബോധന പ്രധാനാധ്യാപകന്‍, വിവിധ സംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

സമ്മേളനത്തിന്റെ സന്ദേശം ഇടവക തലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 18ന് ഓരോ ഇടവകയിലും സമുദായ ജാഗ്രതാ ദിനമായി ആചരിക്കും. സമുദായം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഇടവക സമുദായത്തെ ബോധവല്‍ക്കരിക്കുന്നതിന് പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കും.

Latest News