Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികൾക്കായി ഗുജറാത്ത് പോലീസ് മലപ്പുറത്ത്

മലപ്പുറം- ഹൈടെക് ഓൺലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത കാമറൂൺ സ്വദേശികളായ പ്രതികളെ വിട്ടുകിട്ടാൻ ഗുജറാത്ത് പോലീസ് ശ്രമം തുടങ്ങി. ഗുജറാത്ത് അടക്കം പത്തോളം സംസ്ഥാനങ്ങളിൽ പ്രതികൾക്കെതിരെ സമാനമായ കേസുകളാണ് നിലവിലുള്ളത്. 
ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തി വരികയായിരുന്ന കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയൻ കെങ് (27) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്നും മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്ന നിരവധി സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ ലോ എൻഫോഴ്‌സ്‌മെൻറ് എജൻസികളുമായി പങ്ക് വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഉൾപ്പെട്ട മറ്റ് കേസുകൾ സംബന്ധിച്ച് അറിയാനായത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും ജർമനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയുന്നത്. 
ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം പ്രതികളെ വിട്ടുകിട്ടുന്നതിനായി മഞ്ചേരി സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികളെ നടപടികൾ പൂർത്തിയാകുന്ന മുറക്ക് ഗുജറാത്തിലേക്കും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ട്‌പോകും.
കേരളത്തിൽ ഇത്രയധികം ഓൺലൈൻ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്.
മഞ്ചേരി സ്വദേശിയായ ഹോൾസെയിൽ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റിൽ സെർച്ച് ചെയ്തതിനെ തുടർന്ന് ബന്ധപ്പെട്ട പ്രതികൾ ഇപ്രകാരം പരാതിക്കാരനിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ മഞ്ചേരി പോലീസിന്റെ പിടിയിലായത്. 
മഞ്ചേരി സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, എസ്.ഐ.ടി. അംഗങ്ങളായ കെ.പി. അബ്ദുൽ അസീസ്, സ്രാമ്പിക്കൽ ശാക്കിർ, കെ.വി. ഉണ്ണികൃഷ്ണൻ, എ.ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Latest News