നമ്മളും ഇങ്ങനെ ആയിരുന്നില്ലേ; ഓര്‍മിപ്പിക്കാന്‍ അലക്‌സാണ്ടര്‍ക്ക് അര്‍ഹതയുണ്ട്

കൊച്ചി- അറുപത് വര്‍ഷത്തിലധികമായി റേഡിയോയെ ഹൃദയത്തോട് ചേര്‍ത്ത് ആസ്വാദന ലഹരിയിലലിയുകയാണ് റിട്ട. അദ്ധ്യാപകനായ കോതമംഗലം,    മാലിപ്പാറ, ചെങ്ങമനാട്ട്   സി. കെ. അലക്‌സാണ്ടര്‍.
അലക്‌സാണ്ടര്‍ക്ക് റേഡിയോ വെറും ഒരു ശ്രവ്യ മാധ്യമമല്ല, മറിച്ചു 60വര്‍ഷമായി തന്റെ പാതിയാണന്ന് പറയാം. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കള്‍ക്ക് സുപരിചിതമായ പേരാണ് സി. കെ. അലക്‌സാണ്ടര്‍ കോതമംഗലം എന്നത്. ആകാശവാണി രാവിലെ പ്രക്ഷേപണം ആരംഭിക്കുന്നതു മുതല്‍ രാത്രിയില്‍ പ്രക്ഷേപണം തീരുന്നതുവരെയും അലക്‌സാണ്ടറിന്റെ റേഡിയോ ഓണ്‍ ആയിരിക്കും. റേഡിയോ അനൗണ്‍സറുടെ കിളി നാദം കേള്‍ക്കേണ്ട താമസം അലക്‌സാണ്ടറുടെ കണ്ണുകളില്‍ പ്രകാശം പൂത്തുലയും.
1980ല്‍ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി വസന്ത് പി സാട്ടെ സമ്മാനമായി റേഡിയോ നല്‍കി. ലാഭകരമായ കോഴി വളര്‍ത്തല്‍  എന്ന കൃഷിപാഠ പരമ്പരക്കായിരുന്നു സമ്മാനം.അങ്ങനെ നിരവധി  അനവധി തവണ  പുരസ്‌കാരങ്ങള്‍ നേടി. ആകാശവാണിയിലൂടെയുള്ള  കൃഷി പാഠം പാരമ്പരകളായ ജീവധാര, അമൂല്യമി നേത്രങ്ങള്‍, അക്ഷയ ഊര്‍ജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധ കേരളം, എയ്ഡ്‌സ് ബോധവല്‍ക്കരണം തുടങ്ങിനിരവധി പരമ്പരകളില്‍ വിജയി. ഇതുകൂടാതെ സമ്മാനമായി ലഭിച്ച രണ്ടു പ്രാവശ്യത്തെ അഖിലേന്ത്യാ പര്യടനം. അങ്ങനെ നീളുന്നു വിജയ പട്ടിക.
സമ്മാനമായി ലഭിച്ച 20 ല്‍ പരം റേഡിയോകള്‍ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും നല്‍കികൊണ്ട് അവരെയും റേഡിയോ കേള്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വ്യക്തി.  അലക്‌സാണ്ടറിന്റെ ഊണിലും, ഉറക്കത്തിലും, ദിനകൃത്യ വേളകളിലും, പറമ്പില്‍ പണിയെടുക്കുമ്പോഴെല്ലാം  റേഡിയോ സന്തത സഹചാരിയായി കൂട്ടിനുണ്ട്. ഈ റേഡിയോയാണ്  തനിക്കു മികച്ച അധ്യാപകനുള്ള സംസ്ഥാന ദേശിയ അവാര്‍ഡുകള്‍ (1995,1996)നേടിത്തന്നതില്‍ ഒരു പങ്കു വഹിച്ചതെന്ന്  അലക്‌സാണ്ടര്‍ ഉറപ്പിച്ചു പറയുന്നു. സാധാരണ രാവിലെ 4.30 ന് എഴുന്നേല്‍ക്കുന്ന അലക്‌സാണ്ടര്‍ക്ക് സുഭാഷിതം ഓതി കൊടുക്കുന്നത് ഈ റേഡിയോ തന്നെ. 2019 ല്‍ കേരളത്തിലെ മികച്ച റേഡിയോ ശ്രോതാവിനുള്ള ശ്രവണശ്രീ അവാര്‍ഡും അലക്‌സാണ്ടര്‍ക്ക് ലഭിച്ചു.
റേഡിയോയിലൂടെ ഒഴുകിവരുന്ന ചലച്ചിത്ര ഗാനങ്ങള്‍, ചലച്ചിത്ര ശബ്ദരേഖ, നാടകങ്ങള്‍, കഥാപ്രസംഗം എന്നിവക്ക് കാതുകൂര്‍പ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നെന്ന് അലക്‌സാണ്ടര്‍ ഓര്‍മപ്പെടുത്തുന്നു.

1998ല്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  അധ്യാപനത്തില്‍ നിന്ന് വിരമിച്ച ഈ 81 കാരന്റെ ഇപ്പോഴത്തെ കൂട്ട് റേഡിയോയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ലൈബ്രറി അസിസ്റ്റന്റ് ആയ മകന്‍ ഏബിള്‍. സി. അലക്‌സി നോടൊപ്പമാണ് ഇപ്പോള്‍ അലക്‌സാണ്ടറുടെ താമസം. ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് റേഡിയോ പരിപാടികളും, സംഗീതവും ആശ്വാസമാണെന്ന് നിസ്സംശയം  ഈ അദ്ധ്യാപകന്‍ പറയുന്നു.

 

Latest News