റിയാദ് കെഎംസിസി നേതാക്കള്‍ക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ താക്കീത്

റിയാദ്- റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ചു മൂന്നു മാസം കഴിഞ്ഞിട്ടും യോഗം വിളിക്കാന്‍ കൂട്ടാക്കാതെ പരസ്പരം കുറ്റപ്പെടുത്തി പ്രവര്‍ത്തനം മരവിപ്പിച്ചു കിടക്കുന്നതിനെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫക്കും ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരക്കും താക്കീത് നല്‍കി. ഇരുവരും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു എന്ന് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടതിനാലാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 20 നു മുമ്പ് യോഗം വിളിച്ചു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
റമദാനില്‍ സിഎച്ച് സെന്ററുകള്‍ക്ക് വേണ്ടി നടത്തുന്ന ഫണ്ട് സമാഹരണം, ഡല്‍ഹി ആസ്ഥാനമായി നിര്‍മ്മിക്കുന്ന ഖായിദെ മില്ലത്ത് സൗധത്തിനു വേണ്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ട ഫണ്ട് കളക്ഷന്‍, ജീവകാരുണ്യ വിഭാഗത്തിന്റെ ദിനേനയുള്ള ഇടപെടലുകള്‍ എന്നിവയെല്ലാം മുടങ്ങി കിടക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ഇരുവര്‍ക്കും താക്കീത് നല്‍കിയത്. സംഘടനയെ തളര്‍ത്തുന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം കടുത്ത നിരാശയിലും അമര്‍ശത്തിലുമാണ്.
കഴിഞ്ഞയാഴ്ച്ച നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പ്രശ്‌ന പരിഹാരത്തിന് റിയാദില്‍ വന്നിരുന്നു. ചര്‍ച്ചയില്‍ ഇരുകൂട്ടരും വഴങ്ങാന്‍ തയ്യാറായില്ല. കെഎംസിസി അംഗങ്ങളുള്ള ഒരു വാട്‌സാപ് ഗ്രൂപ്പ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഈ ആഴ്ച റിയാദില്‍ നടക്കേണ്ട നാഷണല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം മദീനയിലേക്ക് മാറ്റി.

Latest News