തൃശൂര്‍ ലോ കോളേജില്‍ സംഘര്‍ഷം, പോലീസ് സ്‌റ്റേഷനില് കോണ്‍ഗ്രസ് ഉപരോധം

തൃശൂര്‍  -  ഗവ. ലോ കോളേജില്‍ കെ.എസ്.യു എസ്.എഫ്.ഐ  സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.  സംഭവവുമായി ബന്ധപ്പെട്ട്  മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തതിനെ  തുടര്‍ന്ന് കോണ്‍ഗ്രസ്  നേതാക്കളായ  എ.പ്രസാദ് , സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെസ്റ്റ്  സ്‌റ്റേഷനു മുന്നില്‍ തടിച്ചു കൂടുകയും കസ്റ്റഡിയിലെടുത്തവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
ഇതോടെ സ്‌റ്റേഷനു  മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.  തുടര്‍ന്ന് പോലീസുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി 11 മണിയോടെ  പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും കസ്റ്റഡിയിലെടുത്ത വരെ വൈകാതെ വിടാമെന്ന് പോലീസ് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കുത്തിയിരുപ്പ് സമരം അവസാനിച്ചത്.
കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സൂരജ് പരിയാരം, ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ ദീപക്.കെ.ആര്‍, ബോബന്‍ പത്തനാപുരം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

Latest News