Sorry, you need to enable JavaScript to visit this website.

പ്രിയദര്‍ശനും കൂടി കുത്തിയിട്ടാണ് ഇതെല്ലാം നടന്നത്, എന്നിട്ട് കോണ്‍ഗ്രസ് മിണ്ടിയോ... വിമര്‍ശിച്ച് കെ.ടി ജലീല്‍

തിരുവനന്തപുരം- ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര നാമങ്ങളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെ സംസാരിക്കവെയാണ് സഭയില്‍ പ്രിയദര്‍ശനെ എംഎല്‍എ വിമര്‍ശിച്ചത്.

'നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നടി നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കാന്‍ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്ന സമിതിയില്‍ മലയാളിയായ ഒരാള്‍ ഉണ്ടെന്നത് വേദനിപ്പിക്കുന്നു. കേരളത്തിലെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയദര്‍ശനാണ് അത്. പ്രിയദര്‍ശന്റെ കൂടെ കുത്തിനാണ് ഇന്ദിര ഗാന്ധിയുടെ പേര് വെട്ടിമാറ്റിയത്. പ്രിയദര്‍ശനാണ് നര്‍ഗീസ് ദത്തിന്റെ പേര് വെട്ടിമാറ്റിയതിനു കൂട്ടുനിന്നത്. ഇത്രയും വലിയ വാര്‍ത്ത വന്നിട്ട് കോണ്‍ഗ്രസ് നേതൃത്വം എവിടെയെങ്കിലും പ്രതിഷേധിച്ചോ?'  കെ.ടി ജലീല്‍ ആരോപിച്ചു.

സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയാണ് പുരസ്‌കാരങ്ങളില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി വാര്‍ത്താവിതരണ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അദ്ധ്യക്ഷതയിലാണ് പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചത്.

 

Latest News