ന്യൂയോര്‍ക്ക് - വന്‍കുടലിലെ അര്‍ബുദം ചികിത്സിക്കുന്നതിനുള്ള ശസ്ത്രക്രിയക്കിടെ റോബോട്ടിന് സംഭവിച്ച തകരാര്‍ കാരണം ഭാര്യയുടെ അവയവം കത്തിപ്പോയെന്നും ഇത് മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടി യു.എസ് പൗരന് കോടതിയില്‍. മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാവിനെതിരെയാണ് കേസ് കൊടുത്തത്. റോബോട്ട് രോഗിയുടെ ചെറുകുടലില്‍ പൊള്ളലുണ്ടാക്കി. സാന്ദ്ര സുല്‍ത്സര്‍ എന്ന സ്ത്രീയാണ് മരിച്ചത്.
അവരുടെ ഭര്‍ത്താവ്, ഹാര്‍വി സുല്‍ത്സര്‍, ഫെബ്രുവരി 6ന്, ശസ്ത്രക്രിയാ റോബോട്ട് നടത്തിയ ഒരു സര്‍ജറിയുടെ ഫലമായി തന്റെ ഭാര്യക്ക് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി പരാതി നല്കി. 2021 സെപ്റ്റംബറില്‍ ബാപ്റ്റിസ്റ്റ് ഹെല്‍ത്ത് ബോക റാറ്റണ്‍ റീജിയണല്‍ ഹോസ്പിറ്റലില്‍, മള്ട്ടിആംഡ്, റിമോട്ട് കണ്ട്രോള്ഡ് ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ച് വന്‍കുടലിലെ അര്‍ബുദം ചികിത്സിക്കുന്നതിനായി യുവതിക്ക് ശസ്ത്രക്രിയ നടത്തി.
കമ്പനി പറയുന്നതനുസരിച്ച്, ഉപകരണം 'മനുഷ്യന്റെ കൈകളുടെ പരിധിക്കപ്പുറം കൃത്യതയുള്ളതാണ്. ശസ്ത്രക്രിയക്ക് വിധേയയായതിന് ശേഷം അവര്‍ക്ക് നേരിട്ട പരിക്കുകളുടെ ഫലമായി 2022 ഫെബ്രുവരിയില്‍ സുല്ട്ട്സര് മരിച്ചു.
റോബോട്ടിന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്പിക്കുന്ന ഇന്സുലേഷന് പ്രശ്നങ്ങളുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു, എന്നാലിത് കുടുംബത്തെ അറിയിച്ചില്ല. റോബോട്ടുമായി ബന്ധപ്പെട്ട പരിക്കുകളെക്കുറിച്ചും വൈകല്യങ്ങളെക്കുറിച്ചും ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.