Sorry, you need to enable JavaScript to visit this website.

രണ്ടു വയസ്സുകാരന്‍ ഒന്നര കി.മീ ഒറ്റക്ക് നടന്ന് വീട്ടിലെത്തി, രക്ഷിതാക്കള്‍ ഞെട്ടി

തിരുവനന്തപുരം- ഡേ കെയറിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ട് വയസുകാരന്‍ റോഡിലൂടെ ഒറ്റക്ക് നടന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി. സംഭവമറിഞ്ഞ് ഞെട്ടിയെങ്കിലും മകന്‍ സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കള്‍. നേമം കല്ലിയൂര്‍ കാക്കമൂലയില്‍ താമസിക്കുന്ന അര്‍ച്ചനയുടെ മകന്‍ അങ്കിത് സുധീഷാണ് കാക്കമൂലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളില്‍നിന്ന് തിങ്കളാഴ്ച വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയത്. അമ്മ അര്‍ച്ചനയുടെ പരാതിയെ തുടര്‍ന്ന് നേമം പോലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചിട്ടുണ്ട്.
കരഞ്ഞും ഭീതിയോടെ ഓടിയും അങ്കിത് പോകുന്ന ദൃശ്യങ്ങള്‍ റോഡരികിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടുകാര്‍ക്ക് കിട്ടിയിരുന്നു. ഇതില്‍ ഉച്ചക്ക് ഒരു മണിക്ക് കുട്ടി കടന്നുപോയതായിട്ടാണ് കണ്ടത്. പിന്നീട് അങ്കിത് വീട്ടിലെത്തുന്നത് രണ്ട് മണി കഴിഞ്ഞും.

സ്‌കൂളില്‍ മൂന്ന് ടീച്ചര്‍മാരും ഒരു ആയയുമാണ് ഉണ്ടാകാറുള്ളത്. സംഭവസമയത്ത് മൂന്ന് ടീച്ചര്‍മാരും സ്‌കൂളിന് പുറത്തുപോയിരുന്നതായാണ് പറയുന്നത്. അങ്കിത്ത് വീട്ടിലെത്തിയശേഷം വീട്ടുകാര്‍ സ്‌കൂളില്‍ വിവരം അറിയിച്ചപ്പോഴാണ് കുട്ടി പോയ കാര്യം സ്‌കൂളധികൃതര്‍ അറിയുന്നത്.

ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പുറത്തിറക്കിയപ്പോള്‍ സംഭവിച്ചതാണെന്നും ആ സമയത്ത് കുട്ടികളെ നോക്കാന്‍ സ്‌കൂളില്‍ ഒരു ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 

Latest News