ചെന്നൈ- ഗോത്രവര്‍ഗക്കാരെയും ഗോത്ര സംസ്‌ക്കാരത്തെയും കുറിച്ച് പൊതുവായ ഒരു ധാരണയുണ്ട്, അവര്‍ പിന്നോക്കക്കാരും വിദ്യാഭ്യാസമില്ലാത്തവരും യാഥാസ്ഥിതികരുമാണെന്ന്. എന്നാല്‍ ഈ ധാരണ പൊളിക്കുകയാണ് വി ശ്രീപതി എന്ന 23 കാരി. തന്റെ സമുദായത്തില്‍നിന്ന് സിവില്‍ ജഡ്ജിയാകുന്ന ആദ്യത്തെ ആദിവാസി സ്ത്രീയാണവര്‍.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ ജവാദു കുന്നുകള്‍ക്ക് സമീപമുള്ള പുലിയൂര്‍ ഗ്രാമക്കാരിയായ ശ്രീപതിയുടെ നേട്ടത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഭിനന്ദിച്ചു. അവള്‍ തമിഴ്‌നാട്ടിലെ മലയാളി ഗോത്ര വിഭാഗത്തിന്റെ പ്രതിനിധിയാണ്.
തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പെണ്‍കുഞ്ഞിനൊപ്പം നില്‍ക്കുന്ന ശ്രീപതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുഞ്ഞിനെ പ്രസവിച്ച ഉടനെയായിരുന്നു പരീക്ഷ.
മുഖ്യമന്ത്രി സ്റ്റാലിന്‍ അവരെ എക്‌സില്‍ അഭിനന്ദിച്ചു, അദ്ദേഹം പറഞ്ഞു: 'ഒരു മലയോര ഗ്രാമത്തില്‍, അധികം സൗകര്യങ്ങളില്ലാത്ത ഒരു ആദിവാസി സമൂഹത്തില്‍നിന്നുള്ള യുവതി ഈ പദവി കൈവരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അവരുടെ അമ്മക്കും ഭര്‍ത്താവിനും അവരുടെ നിര്‍ലോപമായ പിന്തുണക്ക് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സാമൂഹ്യനീതി എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും മടിക്കുന്ന നാട്ടില്‍, ശ്രീപതിയെപ്പോലുള്ള വ്യക്തികളുടെ വിജയം തമിഴകത്തിന്റെ പ്രതികരണമാണ്. ഡിഎംകെ സര്‍ക്കാരിന്റെ 'ദ്രാവിഡ മാതൃക' സര്‍ക്കാര്‍ ജോലികളില്‍ തമിഴ്മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കി, ശ്രീപതിയെപ്പോലുള്ളവരെ ജഡ്ജിയായി തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിന് ഒരു നയം കൊണ്ടുവന്നിരുന്നു.
ബിഎയും ബാച്ചിലര്‍ ഓഫ് ലോയും പഠിച്ച ശ്രീപതി യേലഗിരി ഹില്‍സിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായി. 2023 നവംബറില്‍ പരീക്ഷ എഴുതാന്‍ അവള്‍ ചെന്നൈയിലേക്ക് 200 കിലോമീറ്റര്‍ യാത്ര ചെയ്തത് പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ്.
കുഞ്ഞ് ജനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പരീക്ഷയെന്ന് സംസ്ഥാന കായിക മന്ത്രിയും ഡിഎംകെയുടെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. '.... തന്റെ ജീവന്‍ പണയപ്പെടുത്തി ദീര്‍ഘദൂരം യാത്ര ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകാനുള്ള അവരുടെ ദൃഢനിശ്ചയം പ്രശംസനീയമാണ്, അദ്ദേഹം പറഞ്ഞു. ശ്രീപതിയുടെ പ്രചോദനാത്മകമായ കഥ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും അഭിനിവേശത്തിന്റെയും തെളിവായി തമിഴകം സ്വീകരിച്ചിക്കുകയാണ്.






