മരവിപ്പിക്കേണ്ട കരാര്‍ അഞ്ച് വര്‍ഷം നീട്ടി; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി കുഴല്‍നാടന്‍ വീണ്ടും

കൊച്ചി-  സി.എം.ആര്‍.എല്ലിന് ഖനനം നടത്താന്‍ വേണ്ടി നിയമത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ ഒരു ലോബി സമ്മര്‍ദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യം എന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
2019ല്‍ മരവിപ്പിക്കാന്‍ സാധിക്കുമായിരുന്ന ഉത്തരവ് അഞ്ച് വര്‍ഷം കൂടി നീട്ടിയതില്‍ ദുരൂഹതയുണ്ട്. എ.കെ. ആന്റണി സര്‍ക്കാറിന്റെ കാലത്ത് തുടര്‍ നടപടി മരവിപ്പിച്ചിരുന്നു. വ്യവസായ മന്ത്രി പി. രാജീവ് സി.എം.ആര്‍.എല്ലിന് വേണ്ടിയാണ് വാദിക്കുന്നത്. ഇതുവരെ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നുവെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു.
 മന്ത്രി പി. രാജീവ് പറഞ്ഞ വാദങ്ങളെയും കുഴല്‍നാടന്‍ ഖണ്ഡിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി.
ഈ വിധി പ്രകാരം പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ച് ഖനനം ചെയ്യുന്ന ഭൂമി സംസ്ഥാന സര്‍ക്കാറിന് ഏറ്റെടുക്കാമായിരുന്നു. എന്നാല്‍, എന്തു കൊണ്ട് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെന്ന് കുഴല്‍നാടന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മാസപ്പടി വിവാദത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് കുഴല്‍നാടന്‍ വിമര്‍ശിച്ചു.

'20-07-2018ലെ വ്യവസായ നിയമം ധാതുമണല്‍ ഖനനം പൊതുമേഖലയ്ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് തീരുമാനം തിരുത്തി. സിഎംആര്‍എല്ലിനെ സഹായിക്കാനായിരുന്നു തിരുത്തല്‍. ഈ സമയങ്ങളില്‍ വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് ലീസ് റദ്ദാക്കിയത്. 26-08-2019ല്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചു. 04-09-2019ല്‍ മുഖ്യമന്ത്രി നേരിട്ട് കരിമണല്‍ ഖനനത്തില്‍ ഇടപെട്ടു. ഖനനം റദ്ദ് ചെയ്യാനുള്ള ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു', മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന്റെ രേഖയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു'.

'ഫയല്‍ തിരിച്ചുവിളിച്ച മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. 2019 സെപ്റ്റംബര്‍ 5നായിരുന്നു യോഗം. ഒക്ടോബര്‍ 19ന് എജിയുടെ നിയമോപദേശം ലഭിച്ചു. വകുപ്പ് മന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു', കുഴല്‍ നാടന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി സിഎംആര്‍എല്ലിന് നല്‍കിയ സേവനത്തിനാണ് വീണക്ക് പ്രതിഫലം ലഭിച്ചത്. എന്താണ് മുഖ്യമന്ത്രിയുടെ താല്‍പര്യമെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

 

Latest News