പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

തിരുവനന്തപുരം- പ്രസിഡന്റും രണ്ട് അംഗങ്ങളും രാജിവച്ചതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. 19 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. സി.പി.എം-ഏഴ്, കോണ്‍ഗ്രസ്-ആറ്, മുസ് ലിം ലീഗ്-ഒന്ന്, ബി.ജെ.പി-ഒന്ന്, സ്വതന്ത്രര്‍-നാല് എന്നിങ്ങനെയാണ് കക്ഷിനില.
നാല് സ്വതന്ത്രരെ കൂടെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഭരണത്തിലേറിയത്. മൂന്നുപേര്‍ രാജിവച്ചതോടെ യു.ഡി.എഫിന്റെ അംഗബലം ഏഴ് ആയി ചുരുങ്ങി.
പ്രസിഡന്റും രണ്ട് മെമ്പര്‍മാരും രാജിവച്ചതിനാല്‍ മൂന്നുവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. പ്രസിഡന്റ് സ്ഥാനം സംവരണ വിഭാഗത്തിനാണ്. ഷിനു മടത്തറയായിരുന്നു കോണ്‍ഗ്രസിന്റെ ഏക സംവരണ അംഗം. സംസ്ഥാനത്തെ പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാളാണ് ഷിനു മടത്തറ.
പെരിങ്ങമ്മല പഞ്ചായത്തില്‍നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്കെത്തുമെന്ന് ജില്ലാ സെക്രട്ടറി വി.ജോയി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പൊതുയോഗം സംഘടിപ്പിച്ച് ഇവര്‍ക്ക് സ്വീകരണം നല്‍കും. നവകേരള സദസിന്റെ ഭാഗമായി 22 കോണ്‍ഗ്രസുകാര്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News