ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി എട്ടാമത് മേച്ചേരി പുരസ്‌കാരം ടി.സി മുഹമ്മദിന്

ടി.സി മുഹമ്മദ്‌

ജിദ്ദ-ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ത്ഥം  ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി നല്‍കി വരുന്ന മേച്ചേരി പുരസ്‌കാരത്തിന് ഇത്തവണ ടി.സി മുഹമ്മദിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റഹീം മേച്ചേരിയുടെ സഹപ്രവര്‍ത്തകനായിരുന്ന ടി.സി മുഹമ്മദ് പ്രസംഗകന്‍, പരിഭാഷകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ മേഖലയില്‍ നടത്തിയ ദീര്‍ഘ കാലത്തെ സേവനം പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ചെയര്‍മാനും സി.പി സൈതലവി, സി.കെ ശാക്കിര്‍, രായിന്‍കുട്ടി നീറാട്, പിവി ബാബു എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് 2007 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി 'മേച്ചേരി പുരസ്‌കാരം' നല്‍കി വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍.

25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഏപ്രില്‍ രണ്ടാം വാരം കോഴിക്കോട്ട് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.  ഇ.ടി മുഹമ്മദ് ബഷീര്‍, എംസി വടകര, എ.എം കുഞ്ഞിബാവ, സി.പി സൈതലവി, എം.ഐ തങ്ങള്‍, റഹ്മാന്‍ തായ്‌ലങ്ങാടി, പി.എ  റഷീദ് എന്നിവരാണ്  നേരത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്.  
ജൂറി അംഗവും യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ ശാക്കിര്‍, ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് എംകെ നൗഷാദ്, ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപാറ, ഇസ്മായില്‍ മുണ്ടക്കുളം, കെ.കെ മുഹമ്മദ്, കെപി അബ്ദുറഹിമാന്‍ ഹാജി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

 

Latest News