ദല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദ് സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചു

ന്യൂദല്‍ഹി-ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചു. സാഹചര്യം മാറിയതിനാല്‍ ജാമ്യഹരജി പിന്‍വലിക്കുകയാണെന്നാണ് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി പിന്‍വലിക്കാന്‍ അനുവദിച്ചു.
യു.എ.പി.എ ചുമത്തിയതിനെ നിയമപരമായി നേരിടാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പിന്‍വലിക്കുകയാണ്. വിചാരണക്കോടതിയില്‍ ജാമ്യത്തിനായി ശ്രമിക്കും- കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, യു.എ.പി.എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച റിട്ട് ഹരജിയുമായി മുന്നോട്ട് പോകും.
ദല്‍ഹി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഉമര്‍ ഖാലിദിനെതിരെ ദല്‍ഹി പോലീസ് കേസെടുത്തത്.

2022 മാര്‍ച്ചില്‍ കര്‍കര്‍ദൂമ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബറില്‍ ദല്‍ഹി ഹൈകോടതിയും തള്ളി. 2023 ഏപ്രിലിലാണ് ഖാലിദ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കുന്നത് കോടതി മാറ്റിവെച്ചു.
കഴിഞ്ഞ ഡിസംബറില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

 

 

Latest News