ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടാകാന്‍ കനയ്യ കുമാര്‍

പട്‌ന- ബി.ജെ.പിക്കും സംഘപരിവാര്‍ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി സര്‍ക്കാരിനുമെതിരെ ശക്തമായ നിലപാടെടുത്ത് പോരാടിയ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ബിഹാറിലെ ബെഗുസാരായ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും. കനയ്യയുടെ സ്വന്തം നാടായ ബീഹാത് ബെഗുസാരായ് ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ഇടതു പാര്‍ട്ടികളുടെ പിന്തുണയില്‍ സി.പി.ഐ ടിക്കറ്റിലാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ ഇവിടെ നിന്നും മത്സരിക്കുക. ഇതു സംബന്ധിച്ച് ഇടതു പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തി. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനും നീക്കമുണ്ട്.

ഇപ്പോള്‍ ബി.ജെ.പിയുടെ കൈവശമാണ് ഈ സീറ്റ്. 2014ല്‍ ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ ഭോല സിങ് ഇവിടെ നിന്നും ജയിച്ചത്. സിറ്റിങ് സീറ്റില്‍ ബി.ജെ.പിയെ തറപ്പറ്റിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാട്ടം നടത്തി ദേശീയ തലത്തില്‍ ശ്രദ്ധേയനായ യുവ നേതാവ് കനയ്യ കുമാറിനെ തുറുപ്പു ചീട്ടായി ഇറക്കാനാണു ഇടതുപക്ഷത്തിന്റെ ശ്രമം. 

ബിഹാറിലേയും കേന്ദ്രത്തിലേയും എല്ലാ ഇടതു പാര്‍ട്ടികളും കനയ്യ കുമാറിനെ 2019ലെ തെരഞ്ഞെടുപ്പില്‍ ബെഗുസാരായിയില്‍ മത്സരിപ്പിക്കുന്നതിനോട് യോജിക്കുന്നവരാണെന്ന് സി.പി.ഐ ബിഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ്, ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാ ദള്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കനയ്യ കുമാറിനെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും സത്യനാരായണ്‍ പറഞ്ഞു. ആര്‍.ജെ.ഡി നേതാവ് ലാലുവും കനയ്യ കുമാറിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ആര്‍.ജെ.ഡിയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
 

Latest News