ഇസ്ലാമാബാദ്- ഗവണ്മെന്റിന്റെ ഭാഗമാകാതെ തന്നെ പാകിസ്ഥാന് മുസ്ലീം ലീഗിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ നിന്ന് അദ്ദേഹം പിന്മാറി.
പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍എന്‍) നേതാവ് നവാസ് ഷെരീഫ് നാലാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൊവ്വാഴ്ച വീണ്ടും സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിലാവലിന്റെ തീരുമാനം.
തന്റെ നേതൃത്വത്തില്‍ നടന്ന പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) ഉന്നതാധികാര കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിലാവല്‍ പിന്മാറിയത്. അതേസമയം, സഹോദരന് ഷഹ്ബാസിനോട് പ്രധാനമന്ത്രി പദം സ്വീകരിക്കാന്‍ നവാസ് അഭ്യര്‍ഥിച്ചു.