താങ്ങാവുന്ന വിലയില്‍ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് കാറുകള്‍

ന്യൂഡല്‍ഹി- താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കി ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക്ക് കാറുകള്‍. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ലിഥിയം- അയണ്‍ ബാറ്ററിയുടെ വില ഏകദേശം 14 ശതമാനമാണ് കുറഞ്ഞത്. അതോടെയാണ് കാറിനും വിലയില്‍ കുറവ് അനുഭവപ്പെട്ടത്. 
ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) തങ്ങളുടെ ഇലക്ട്രിക്ക് നെക്‌സോണ്‍, ടിയാഗോ എന്നിവയുടെ വില കുറച്ചു. നെക്‌സോണിന്റെ വില 1.2 ലക്ഷം രൂപ വരെ കുറച്ചപ്പോള്‍ ടിയാഗോയുടേത്  70,000 രൂപ വരെയാണ് കുറഞ്ഞത്. 
നെക്‌സോണിന്റെ ഇടത്തരം ശ്രേണിയായ എം ആര്‍ന്റെ പുതിയ വില 14.49 ലക്ഷം മുതലും ലോംഗ് റേഞ്ചായ നെക്‌സോണ്‍ എല്‍വി 16.99 ലക്ഷം മുതലും ടിയാഗോയുടെ വില 7.99 ലക്ഷം മുതലുമാണ് ആരംഭിക്കുന്നത്. 
ചെലവില്‍ ഗണ്യമായ ഭാഗം ബാറ്ററിക്കാണെന്നും സെല്ലുകളുടെ വിലയില്‍ അടുത്ത കാലത്ത് കുറവുണ്ടായത് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തങ്ങള്‍ തയ്യാറായെന്നുമാണ് വിലക്കുറവിനെക്കുറിച്ച് ടിപിഇഎം ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞത്. 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രോണിക് വെഹിക്കിള്‍ മേഖല അതിവേഗം വളര്‍ന്നുവരികയാണ്. സ്മാര്‍ട്ട്, ഫീച്ചര്‍ സമ്പന്നമായ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ബോഡി സ്റ്റൈലുകള്‍, ശ്രേണി, വില പോയിന്റുകള്‍ എന്നിവയുടെ വിശാലമായ തെരഞ്ഞെടുപ്പ് അവസരവുമുണ്ട്. 
ഈ മാസമാദ്യം എം ജി മോട്ടേഴ്‌സും അവരുടെ എം ജി കോമറ്റ് ഇലക്ട്രിക് വാഹന വില 99,000 രൂപയ്ക്കും 1.40 ലക്ഷം രൂപയ്ക്കും ഇടയില്‍ കുറച്ചിരുന്നു.  കൂടാതെ 18.98 ലക്ഷം രൂപ വിലയില്‍ കൂടുതല്‍ താങ്ങാനാവുന്ന ഇസഡ് എസ് ഇവി 'എക്സിക്യൂട്ടീവ്' അവതരിപ്പിച്ചു.

Latest News